ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അക്കമിട്ടുപറയുന്നതാണ് റിപ്പോര്‍ട്ട്. ഏഴു ചോദ്യങ്ങളും കേന്ദ്രമന്ത്രി റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു. കുടുംബത്തിന് ഭീഷണിയുണ്ടെന്ന ജിഷയുടെ അമ്മയുടെ പരാതി പരിഗണിച്ചില്ല, ജിഷ കൊല്ലപ്പെട്ടു കിടക്കുമ്പോള്‍ സമീപത്ത് അമ്മയുണ്ടായിരുന്നു. എന്നാല്‍ ഇവരെ കൂട്ടാതെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി മോര്‍ച്ചറിയിലേക്ക് മാറ്റി, സംഭവം ജില്ലാ മജിസ്‌ട്രേറ്റിനേയോ കലക്ടറേയോ അറിയിച്ചിരിക്കണമെന്ന ചട്ടവും പാലിച്ചിട്ടില്ല, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ചയുണ്ടായി. ആദ്യം കൊലപാതകമെന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീടാണ് ബലാത്സംഗം നടന്ന കാര്യം എഴുതി ചേര്‍ത്തത്, ജിഷയുടെ അമ്മയുടെ പരാതിയ്ക്കു പകരം പഞ്ചായത്തംഗത്തിന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ എടുത്തത്, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് പ്രകാരം കേസെടുക്കുന്നതില്‍ വീഴ്ച വരുത്തി, ദളിത് പീഡനം നടന്നുവെന്നറിഞ്ഞാല്‍ ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കണമെന്ന നിയമം ഇവിടെ പാലിച്ചില്ല, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിലും വൈകി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കാലതാമസമെടുത്തു. ജിഷയുടെ അച്ഛനേയും സഹോദരിയേയും കാണാനുള്ള തന്റെ ശ്രമം പോലീസ് തടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.