തൃശൂര്‍: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലയാളിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്‌മെന്റാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്‌മെന്റ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധനിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ കേസില്‍ ഒന്നാംപ്രതിയായ പെരുമ്പാവൂരിലെ പൊലീസിനെതിരെയും പിട്ടികജാതി പീഡന നിരോധ നിയമപ്രകാരം കേസെടുക്കണം. ജിഷയുടെ മരണത്തിനു ഉത്തരവാദികളായ ജനപ്രതിനിധികളെ ദളിത് സംഘടനകളും ജനാധിപത്യ വിശ്വാസികളും ബഹിഷ്‌കരിക്കണം. ഇനിയൊരു ജിഷയും സൗമ്യയും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സിബിഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.