# Justice For Jisha ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ല; കസ്റ്റഡിയില്‍ എടുക്കുന്നവരെ ചോദ്യം ചെയ്യല്‍ തുടരുമ്പോളും പങ്കുതെളിയിക്കാനാകാതെ പൊലീസ് വിയര്‍ക്കുന്നു

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ദിവസവും പൊലീസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ല. പ്രതിയെ കണ്ടെത്താനുള്ള സൂചനകള്‍ക്കായി ജിഷയുടെ വീടിനു സമീപത്ത് രാത്രിയിലും പൊലീസ് പരിശോധന നടത്തി. തെളിവുകളോ വ്യക്തമായ സാക്ഷികളോ ഇല്ലാതെ സംശയാസ്പദമായവരുടെ പിന്നാലെ സഞ്ചരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കസ്റ്റഡിയില്‍ എടുക്കുന്നവരെല്ലാം ഏതെങ്കിലും വിധത്തില്‍ ജിഷയുമായോ കുടുംബമായോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിള്ളുവരാണെങ്കിലും ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നു തന്നെ ഇല്ലാത്തതിനാലാണ് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. കൊലയാളിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാനതൊഴിലാളിയുടെ പുതിയ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയെന്നു തോന്നിക്കുന്ന രേഖാചിത്രമാണ് പൊലീസ് തയ്യാറാക്കിയതെന്ന് സൂചനയുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ചിത്രം പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല.

ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളിലൂടെ സഞ്ചരിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം റൂറല്‍ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് രാത്രി ജിഷയുടെ വീട്ടിലും സമീപത്തും തെളിവെടുപ്പ് നടത്തിയത്. ജിഷയുടെ വീടിനു സമീപത്തുള്ള കനാലിലും വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. അതേസമയം കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വനിതകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു നേരെ പൊലീസ് അതിക്രമം. ജിഷയുടെ സുഹൃത്തുക്കളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് അതിക്രമം അഴിച്ചു വിട്ടത്്.പ്രദേശത്ത് എല്‍ഡിഎഫിന്റെ രാപകല്‍ സമരം തുടരുന്നു.

© 2024 Live Kerala News. All Rights Reserved.