കോതമംഗലത്ത് സ്കൂള്‍ ബസിനു മുകളില്‍ മരം വീണ് അഞ്ചു വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊച്ചി: സ്കൂള്‍ ബസിനു മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി കുട്ടികള്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നു റിപ്പോര്‍ട്ട്.

കൃഷ്ണേന്ദു(അഞ്ച്), ജോഹന്‍ (13)‍, അമീന്‍(13), നിസ, ഗൗരി എന്നിവരാണു മരിച്ചത്. കുട്ടികളുമായി വീടുകളിലേക്കു പോവുകയായിരുന്നു ബസ്. വൈകിട്ടു നാലരയോടെ കോതമംഗലം നെല്ലിമറ്റത്തുവച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ പ്രദേശത്തു ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ശക്തമായ കാറ്റില്‍ വന്‍ മരം കടപുഴകി ബസിനു മുകളിലേക്കു വീഴുകയായിരുന്നു.

12 വിദ്യാര്‍ഥികളാണു ബസില്‍ ഉണ്ടായിരുന്നത്. അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ ഓടിക്കൂടിയ പ്രദേശവാസികളാണു ബസ് വെട്ടിപ്പൊളിച്ചു വിദ്യാര്‍ഥികളെ പുറത്തെടുത്ത് ആശുപത്രികളിലെത്തിച്ചത്. ധര്‍മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്നു കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്കു മാറ്റി.

റോഡിനേക്കാള്‍ ഉയരത്തിലുള്ള മണല്‍ത്തിട്ടയില്‍നിന്ന മരമാണു കടപുഴകി വീണത്. സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ആശുപത്രികളിലെത്തിയിട്ടുണ്ട്. റെവന്യൂ ഉദ്യോഗസ്ഥരടക്കമുള്ള സര്‍ക്കാര്‍ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എംഎല്‍എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നു.

© 2024 Live Kerala News. All Rights Reserved.