സംസ്ഥാനത്ത് ബസ് ചാർജ് വർധന ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി മിനിമം ചാർജ് 7 രൂപയില്‍ നിന്ന് എട്ടു രൂപയായും കിലോമീറ്റർ നിരക്ക് 64 പൈസയിൽ നിന്ന് 70 പൈസയായും ഉയരും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാർജ് 11 രൂപയും കിലോമീറ്റർ നിരക്ക് 75 പൈസയുമായും സൂപ്പർ ഫാസ്റ്റിന്റേത് യഥാക്രമം 15 രൂപയും 78 പൈസയുമായും കൂടും.
ലോ ഫ്ളോർ എസി ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാൽ 21 രൂപ നൽകേണ്ടി വരും. ജൻറം ലോ ഫ്ളോർ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടിൽ നിന്നു 10 രൂപയാക്കി ഉയർത്തി. കിലോമീറ്റർ ചാർജ് 80 പൈസ ആക്കി ഉയർത്തിയിട്ടുണ്ട്. സ്കാനിയ- വോൾവാ ബസുകളുടെ മിനിമം ചാർജ് 80 രൂപയും കിലോമീറ്റർ നിരക്ക് രണ്ടു രൂപയും ആക്കി.
വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും രണ്ടുരൂപ മുതല്‍ മുകളിലോട്ട് വര്‍ധിക്കുന്ന സ്ലാബുകളില്‍ കൂടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2014ലാണ് അവസാനമായി സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധിക്കുന്നതോടെ കെ.എസ്.ആര്.ടി.സിക്ക് ദിനം പ്രതി 23ലക്ഷം രൂപ അധികവരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.