ബസ്സുകള്‍ ഇനി മുതല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്താന്‍ ഉത്തരവ്‌

 

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ബസ്സുകള്‍ ഇനി മുതല്‍ സ്റ്റോപ്പുകള്‍ക്ക് പുറമെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും നിര്‍ത്തണം. എല്ലാ സ്‌റ്റേജ് കാര്യേജുകള്‍ക്കും ഇത് ബാധകമാണ്. വൈകുന്നേരം 6.30 മുതല്‍ രാവിലെ ആറ് വരെയുളള സമയത്ത് സ്ത്രീകള്‍ക്ക്, നിലവിലുളള സ്‌റ്റോപ്പുകള്‍ക്കു പുറമെ അവരാവശ്യപ്പെടുന്ന സ്ഥലത്ത് ഇറങ്ങാന്‍ അനുവദിക്കുകയും അതിനായി വേണ്ടത്ര സമയം നല്‍കുകയും വേണമെന്നാണ് ഉത്തരവ്. 1988 ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തി ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.

കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി (201114) യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. സംസ്ഥാനത്തെ എല്ലാ സ്‌റ്റേജ് കാര്യേജുകളിലും സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പരാതിപ്പെടാനുളള FORM CAWA അപേക്ഷ എല്ലാ കണ്ടക്ടര്‍മാരും കൈവശം വയ്ക്കുകയും ആവശ്യമുളള സന്ദര്‍ഭങ്ങളില്‍ പരാതി എഴുതി വാങ്ങി അടുത്തുളള പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ സ്‌റ്റേജ് കാര്യേജുകളിലും ചൈല്‍ഡ് ലൈന്‍, സ്ത്രീ സുരക്ഷയ്ക്കായുളള ഹെല്‍പ്പ് ലൈന്‍, പോലീസ്, ആര്‍.ടി.ഒ എന്നിവരുടെ ഫോണ്‍ നമ്പര്‍, സ്വകാര്യ ബസാണെങ്കില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ എന്നിവ, മുമ്പിലും പുറകിലും രജിസ്‌ട്രേഷന്‍ നമ്പരിനടുത്തായി വെളുത്ത അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം

FACE BOOK PHOTO CURTESY:VADAKKUS

© 2024 Live Kerala News. All Rights Reserved.