പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് പത്തുദിവസം പിന്നിട്ടു; പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല; സഹോദരിയുടെ സുഹൃത്തിനെ പൊലീസ് തിരയുന്നു

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടിട് പത്തുദിവസം പിന്നിടു. പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമായി സ്ഥിരീകരിക്കാന്‍ കഴിയാത്തതും അയല്‍ക്കാരുടെ മൊഴിയിലെ വിശ്വാസ്യതക്കുറവുമാണ് അന്വേഷണം പ്രതിസന്ധിയിലാക്കുന്നത്. വീട്ടില്‍ നിന്നോ സമീപ പ്രദേശങ്ങളില്‍ നിന്നോ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കിട്ടിയിട്ടില്ല. അതേസമയം, ജിഷയുടെ സഹോദരിയുടെ സുഹൃത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മൊഴികള്‍ ഉള്‍പ്പടെ പലതും പ്രതികൂലഘടകങ്ങളായി. അയല്‍ക്കാരിലെ മൊഴിയിലെ വൈരുധ്യം അന്വേഷണത്തെ തുടക്കത്തിലേ ബാധിച്ചു. മൂന്നുദിവസം കഴിഞ്ഞാണ് ഇവര്‍ മൊഴിനല്‍കിയത്. പെണ്‍കുട്ടിയെ വീടിനുപുറത്ത് കണ്ടെന്നും അലര്‍ച്ച കേട്ടെന്നും മറ്റുമുള്ള മൊഴികളില്‍ പ്രകടമായ വൈരുധ്യമുണ്ട്. വീട്ടില്‍ നിന്ന് കണ്ടെടുത്ത കെട്ടിടനിര്‍മാണ ഉപകരണങ്ങള്‍ എങ്ങനെ എത്തി എന്നതിനും വ്യക്തമായ മൊഴിയില്ല. വീടിനുള്ളില്‍ കെട്ടിടനിര്‍മാണ സാമഗ്രികള്‍ വന്നതിനെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്താനുണ്ട്.
നിലവില്‍ അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അന്വേഷണം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാക്കി.

© 2024 Live Kerala News. All Rights Reserved.