#JusticeForJisha പ്രതികളെന്ന പേരില്‍ മുഖംമറച്ച് കൊണ്ടുവന്നത് പൊലീസുകാരെ; പ്രതിഷേധം തണുപ്പിക്കാനുള്ള സര്‍ക്കാര്‍ തന്ത്രം ഇങ്ങനെയും; ജിഷയുടെ ഘാതകരെക്കുറിച്ച് പൊലീസിന് യാതൊരു സൂചനയുമില്ല

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടിയായ ജിഷയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന പേരില്‍ കഴിഞ്ഞദിവസം മുഖം മറച്ച് കൊണ്ടുനടന്നത് പൊലീസുകാരെയെന്ന് സൂചന. കളമശേരി റിസര്‍വ് ക്യാമ്പിലെ കെഎപി അഞ്ച് ബറ്റാലിയനിലെ രണ്ടു പൊലീസുകാരെയാണ് ഇത്തരത്തില്‍ വേഷംകെട്ടിച്ചതെന്ന് ദേശാഭിമാനി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ ജനരോഷം തണുപ്പിക്കാന്‍ ഉന്നതഭരണതല നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ പ്രച്ഛന്ന വേഷമെന്ന് വാര്‍ത്തയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയമായത് വിഷയം വിവാദമായി സര്‍ക്കാരിനെ ബാധിക്കാതിരിക്കാനാണ് പ്രതികളെ പിടികൂടിയെന്ന പേരില്‍ പൊലീസ് നാടകം കളിച്ചത്. പ്രതികളായി വേഷം കെട്ടിച്ച പൊലീസുകാരെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നിലൂടെ ചൊവ്വാഴ്ച പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. ജിഷയുടെ സുഹൃത്തിനെയും അയല്‍വാസിയെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസാണ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കുമെന്നും അറിയിച്ചു. ചേച്ചിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നുവെന്നായിരുന്നു ആദ്യ വെളിപ്പെടുത്തല്‍. പിന്നെ ചില അയല്‍വാസികളെയും സംശയ കണ്ണിയില്‍പ്പെടുത്തി. ജിഷ ജോലിചെയ്ത ആശുപത്രിയിലെ സുഹൃത്താണ് പ്രതിയെന്ന് പിന്നീട് പ്രചരിപ്പിച്ചു. നൃത്താധ്യാപകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തുവെന്നും അറിയിച്ചു. എന്നാല്‍, പ്രതികള്‍ ഇവരല്ലെന്ന് വൈകിട്ടോടെ സമ്മതിച്ചു. സംഭവദിവസം പെരുമ്പാവൂരില്‍നിന്നു പോയ ഒരാള്‍ കണ്ണൂരില്‍ അറസ്റ്റിലായെന്നായി അടുത്ത വെളിപ്പെടുത്തല്‍. ഇയാള്‍ കുറ്റം സമ്മതിച്ചതായും കഞ്ചാവിന് അടിമയാണെന്നും പ്രചരിപ്പിച്ചു. എന്നാല്‍, ബുധനാഴ്ച പകല്‍ ഇയാളല്ല പ്രതിയെന്ന് പൊലീസ് ഐജിതന്നെ പറഞ്ഞു. പ്രതിയുടെ രേഖാചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രവും നല്‍കി. അറസ്റ്റിന് ഇനിയും സമയമെടുക്കുമെന്നും ഐജി അറിയിച്ചു. പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെയാണ് ജനരോഷം തണുപ്പിക്കാന്‍ ഇങ്ങനെയൊരു തട്ടിപ്പ് നടത്തിയത്.

© 2024 Live Kerala News. All Rights Reserved.