ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു; മുഖ്യമന്ത്രിയോട് പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ചതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു

പെരുമ്പാവൂര്‍: ക്രൂരബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും ഏറെ സമയത്തിന് ശേഷമാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ സാധിച്ചത്.

അതേസമയം സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമമുണ്ടായി. റിപ്പോര്‍ട്ടര്‍ ടിവിയിലെ സഹിന്‍ ആന്റണിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രോശവുമായി രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ അതിരു കടന്നെന്ന് ആരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഏറെ നേരത്തെ സംഘര്‍ഷാവസ്ഥക്കും കാരണമായി. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി കേസന്വേഷണം തൃപ്തികരമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പറഞ്ഞു. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.