#justiceforjishaജിഷ കൊല്ലപ്പെട്ട ദിവസം കണ്ണൂരിലേക്ക് കടന്ന യുവാവിനെ ഇന്ന് പെരുമ്പാവൂര്‍ പൊലീസിന് കൈമാറും; കൊലനടത്തിയശേഷം ഇയാള്‍ സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ്;നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: ദളിത് പെണ്‍കുട്ടി ജിഷയെ ബലാത്സംഘം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ അയല്‍വാസിയായ യുവാവിനെ ഇന്ന് പെരുമ്പാവൂര്‍ പൊലീസിന് കൈമാറും. ഇയാളുടെ ചിത്രം കണ്ണൂര്‍ പൊലീസ് പെരുമ്പാവൂര്‍ പൊലീസിനു കൈമാറി.
ഇയാള്‍ കൊലപാതകത്തിനു ശേഷം കണ്ണൂരിലേക്കു കടക്കുകയായിരുന്നുവെന്ന് പൊലീസ് നിഗമനം. ഇയാളുടെ മൊബൈല്‍ കണ്ണൂരില്‍ നിന്നും പ്രവര്‍ത്തിക്കുന്നതായി പൊലീസ് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കണ്ണൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്. പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. അയല്‍വാസികളായ മൂന്നു സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എഡിജിപി പത്മകുമാര്‍ വ്യക്തമാക്കി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
ജിഷയുടെ കൊലപാതകത്തില്‍ ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി. ദേശീയ വനിതാ കമ്മീഷനോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടതായി വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പറഞ്ഞു. ജിഷ കൊല്ലപ്പെട്ട ദിവസം നാടുവിട്ട യുവാവ് കണ്ണൂരില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

© 2024 Live Kerala News. All Rights Reserved.