#justiceforjisha ദളിത് പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് നിഗമനം; അന്വേഷണം ബന്ധുവിലേക്കും;രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടി ജിഷ വീടിനുള്ളില്‍ ക്രൂരമായ ബലാത്സംഘത്തിന് ശേഷം കൊല്ലപ്പെട്ടതിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടാകാമെന്ന് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡല്‍ഹി കൂട്ടബലാത്സംഘവുമായി താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ കുടല്‍ മാല മുറിഞ്ഞ് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തില്‍ കുത്തിയിറക്കിയിട്ടുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ വീണ്ടും പരിശോധന നടത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറ വട്ടോളിപ്പടി കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(29)യെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടത്. പിന്നില്‍നിന്ന് ഷാള്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് പിടിച്ച ശേഷമായിരുന്നു ബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ബലാത്സംഗശ്രമം തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന കാര്യത്തില്‍ പോലീസിന് സംശയമില്ല. ഒരുമുറി മാത്രമാണ് വീടിനുണ്ടായിരുന്നത്. ഇവിടെ മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളുണ്ട്. വീടിനുള്ളിലെ സാധനങ്ങള്‍ എല്ലാം അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ചുറ്റിക പോലുള്ള വസ്തുകൊണ്ട് മുഖത്ത് അടിയേറ്റതിനെ തുടര്‍ന്ന് മൂക്ക് അറ്റുപോയതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ പെരുമ്പാവൂരില്‍ നടന്ന സംഭവമായതിനാല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ നടക്കുന്നത് ഇവരെ ചുറ്റിപറ്റിയാണ്. കൊലപാതകത്തിന്റെ പ്രാകൃതസ്വഭാവം, പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരതകള്‍ എന്നിവ കണക്കിലെടുത്താണ് പോലീസ് അന്വേഷണം ഈ ദിശയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം ഇപ്പോള്‍ അന്വേഷണം നീങ്ങുന്നത് ജിഷയുടെ അടുത്ത ബന്ധുവിലേക്കാണ്. പൊലീസ് പതിവ്‌പോലെ ഇതര സംസ്ഥാന തൊഴിലാളികളെമാത്രം ലക്ഷ്യം വെക്കുന്നതിലേക്ക് പൊലീസ് നീങ്ങുന്നതിലും ദുരൂഹതയുണ്ട്.
#

© 2024 Live Kerala News. All Rights Reserved.