കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വാസ്തവ വിരുദ്ധമായി മൊഴിയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് അറിയിച്ചാണ് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ (എ.ഐ.എല്‍.യു) സോളാര്‍ കമ്മീഷന് ഹരജി നല്‍കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍, ഹരജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. കേസില്‍ കക്ഷിയായ എ.ഐ.എല്‍.യുവിനുവേണ്ടി സെക്രട്ടറി ബി. രാജേന്ദ്രനാണ് കമ്മീഷനില്‍ അപേക്ഷ നല്‍കിയത്. ജനുവരി 25ന് 14 മണിക്കൂര്‍ നീണ്ട വിസ്താരത്തിനിടെ മുഖ്യമന്ത്രി നല്‍കിയ മൊഴിയില്‍ കളവും വൈരുധ്യങ്ങളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. 2012 ഡിസംബര്‍ 29ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പോയെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍, ഡിസംബര്‍ 27ന് വിജ്ഞാന്‍ ഭവനില്‍ പോയെന്നാണ് കമ്മീഷനില്‍ നല്‍കിയ മൊഴി. സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ അറിയില്ലെന്നും ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും മൊഴി നല്‍കിയിരുന്നു.എന്നാല്‍ ഫെനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് ശേഖരിച്ച രേഖകളില്‍ നാലുതവണ ഇരുവരും സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നത്.