ന്യൂഡല്‍ഹി: പാനമ രേഖകളിലുള്ള കള്ളപ്പണ നിക്ഷേപത്തില്‍ കൂടുതല്‍ മലയാളികളുടെ പേരുകള്‍ പുറത്തുവരുന്നു. നികുതിപ്പണം അടയ്ക്കാതിരിക്കാനായി മൊസാക് ഫൊന്‍സെക വഴി വിദേശത്ത് നിക്ഷേപം നടത്തിയ മൂന്നാമത്തെ മലയാളിയുടെ പേരാണ് അവസാനമായി പുറത്ത് വന്നത്. തിരുവനന്തപുരം സ്വദേശി ഭാസ്‌കര്‍ രവീന്ദ്രനാണ് ഇത്. . ഇദ്ദേഹം റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സിഇഓയാണെന്നാണ് വിവരം. എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ റഷ്യക്കാരാണെന്നാണ് വിവരം. ഹിന്ദി സിനിമാ നടന്‍ സെയ്ഫ് അലി ഖാന്‍, കരീന കപുര്‍, കരിഷ്മ കപുര്‍ എന്നിവര്‍ അംഗങ്ങളായ കമ്പനിയുടെ പേര് രേഖയിലുണ്ട്. ഈ കമ്പനി ഐ.പി.എല്ലില്‍ പുണെ ഫ്രാഞ്ചൈസിക്കുവേണ്ടി ലേലത്തില്‍ പങ്കെടുത്തതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മൊസാക് ഫൊന്‍സെക വഴി വിദേശത്ത് നിക്ഷേപം നടത്തിയവരുടെ പട്ടികയില്‍ നേരത്തെ പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായര്‍, തിരുവനന്തപുരം സ്വദേശി മാത്യു ജോര്‍ജ് എന്നിവരുടെ പേരുകളാണ് പുറത്തു വന്നിരുന്നത്. ഇവരെ കൂടാതെ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ വ്യാഴാഴ്ച പുറത്തുവന്നു.
ഒബ്ജുറേറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇവരുടെ പേരുകള്‍ കാണുന്നത്. എന്നാല്‍, ലേലത്തില്‍ പരാജയപ്പെട്ടതോടെ കമ്പനി നിര്‍ത്തലാക്കി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് രംഗത്തെ പ്രമുഖരായ ട്വന്റി ഫസ്റ്റ് സെഞ്ച്വറി മീഡിയയുടെ മാനേജിങ് ഡയറക്ടര്‍ ലോകേഷ് ശര്‍മയാണ് രേഖകളിലുള്ള മറ്റൊരാള്‍. ഇവരെ കൂടാതെ, ഡല്‍ഹിയിലെ ടയര്‍ വ്യവസായിയുടെയും വസ്ത്ര വ്യാപാരിയുടെയും പേരുകളും പട്ടികയിലുണ്ട്.