ന്യൂഡല്‍ഹി: മന്ത്രി അടൂര്‍ പ്രകാശിനെ മാറ്റാനും കെ ബാബു, ബെന്നി ബഹനാന്‍, കെ സി ജോസഫ് എന്നിവരെ മത്സരിപ്പിക്കാനും തീരുമാനമായതായി സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ മംഗളകരമായി തന്നെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രശ്‌ന പരിഹാരത്തിന് ഇതുവരെ ഫോര്‍മുലകളൊന്നും തന്നെ ആയിട്ടില്ല. എന്നാലും, തര്‍ക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്നും അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റെയാണെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി. മത്സരിക്കാനില്ലെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പട്ടിക ഇന്ന് പുറത്തുവരുമെന്നും പട്ടിക വന്നിട്ടു താന്‍ പ്രതികരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ ബാബു, ബെന്നി ബഹന്നാന്‍ എന്നീ വിശ്വസ്തര്‍ മാറിനില്‍ക്കണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്നും അങ്ങനെയെങ്കില്‍ താനും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയരായവരെ മത്സരിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടുള്ള വിഎം സുധീരനൊപ്പമാണ് ഹൈക്കമാന്‍ഡ്. അതേസമയം, നിലപാടില്‍ ഉറച്ചു നിന്നാല്‍ താന്‍ മത്സരിക്കില്ലെന്ന സമ്മര്‍ദതന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്.