കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം പുരോഗമിക്കുന്നു; തലശ്ശേരി അബ്ദുല്ലക്കുട്ടി; കൊല്ലം ബിന്ദുകൃഷ്ണ; കുണ്ടറ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ആരോപണവിധേയരായ അടൂര്‍പ്രകാശിനും കെ ബാബുവിനും വേണ്ടി ഉമ്മന്‍ചാണ്ടിയുടെ ചരട് വലി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പുരോഗമിക്കുന്നു. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയിലെത്താന്‍ പാര്‍ട്ടിക്കായി. തലശേരി-എ.പി.അബ്ദുള്ളക്കുട്ടി, കൊല്ലം -ബിന്ദുകൃഷ്ണ, കുണ്ടറ-രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍-സതീശന്‍ പാച്ചേനി, അമ്പലപ്പുഴ -ഷാനിമോള്‍ ഉസ്മാന്‍, ചാത്തന്നൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ശൂരനാട് രാജശേഖരന്‍ , കൊട്ടാരക്കര-രശ്മി ആര്‍.നായര്‍, കരുനാഗപ്പള്ളി-സി.ആര്‍.മഹേഷ് എന്നിങ്ങനെ ധാരണയായി. അതേസമയം, അഴിമതിക്കേസില്‍ ആരോപണവിധേയരായ കെ ബാബുവിനും അടൂര്‍പ്രകാശിനും വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുനീക്കങ്ങള്‍ ശക്തമാക്കി. ആരോപണ വിധേയര്‍ക്ക് സീറ്റില്ല എന്നതാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ അറിയിച്ചു.
എം. വിന്‍സെന്റ് (കോവളം), സുമ ബാലകൃഷ്ണന്‍ (ധര്‍മടം), സനീഷ് (വൈക്കം), എം. ലിജു (കായംകുളം), പി.ടി. അജയമോഹന്‍ (പൊന്നാനി), എല്‍ദോസ് കുന്നപ്പള്ളി (പെരുമ്പാവൂര്‍), എന്‍. സുബ്രഹ്മണ്യന്‍ (കൊയിലാണ്ടി), റോജി എം. ജോണ്‍ (അങ്കമാലി), ഡീന്‍ കുര്യാക്കോസ് (ഉടുമ്പന്‍ചോല), ടി. സിദ്ദിഖ് (കുന്നമംഗലം), എസ്. ശരത് (ചേര്‍ത്തല) എന്നിവരും പട്ടികയില്‍ ഇടംകണ്ടു. ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ്; ലിജുവും സിദ്ദിഖും മുന്‍ സംസ്ഥാന പ്രസിഡന്റുമാരും. റോജി എന്‍എസ്‌യുഐ അഖിലേന്ത്യാ പ്രസിഡന്റും ശരത് അഖിലേന്ത്യാ സെക്രട്ടറിയുമാണ്. മറ്റുള്ള സ്ഥാനാര്‍ഥികളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ആരോപണവിധേയരുടെ കാര്യത്തില്‍ കൃത്യമായ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.