സിപിഎം കശാപ്പ് ചെയ്യാന്‍പോകുന്ന ആടാണ് വിഎസ്: സുധീരന്‍

 

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പു പ്രചാരകന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ കടന്നാക്രമിച്ചാണ് അരുവിക്കരയില്‍ ഇപ്പോള്‍ യുഡിഎഫ് പ്രചാരണം. സിപിഎം കശാപ്പു ചെയ്യാന്‍പോകുന്ന ആടാണ് വിഎസ് എന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പരിഹസിച്ചു!. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്.

അരുവിക്കരയില്‍ വിഎസിന്റെ സാന്നിധ്യം ഇടതുസ്ഥാനാര്‍ഥിക്കു തുണയേകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്ക്. ഇതാണ് യുഡിഎഫിന്റെ കണക്കുതെറ്റിക്കുന്നതും. അതിനാല്‍ തന്നെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വിഎസിനെ ഗൗനിക്കാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ കടന്നാക്രമിച്ചാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. ചുക്കാന്‍ പിടിക്കുന്നത് കെപിസിസി പ്രസിഡന്റും.

അഴിമതിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ എടുത്ത നിലപാടുകള്‍ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് ബാലകൃഷ്ണപിള്ളാ ബന്ധം ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വിസ്തരിക്കുന്നത്.

വി.എസ്.അച്യുതാനന്ദനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ. അദ്ദേഹത്തിനൊപ്പം കൂടുന്ന ആള്‍ക്കൂട്ടം വോട്ടാകുമോ എന്ന ആശങ്ക. വി.എസ്. ഫാക്ടര്‍ വെട്ടിനിരത്താനാണ് കോണ്‍ഗ്രസിന്റെ കൊണ്ടുപിടിച്ചുള്ള ശ്രമവും.

© 2024 Live Kerala News. All Rights Reserved.