വടകരയിലെ സദാചാര വിളയാട്ടത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ; ഓഫീസിനകത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവിനെയും യുവതിയെയും പിടികൂടിയതിന് പിന്നില്‍ ഗൂഢാലോചന

വടകര: വടകരയിലെ സദാചാര വിളയാട്ടത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് യുഡിഎഫ്. കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയേയും പയ്യോളിയിലെ കോണ്‍ഗ്രസ് നേതാവായ യുവതിയേയുമാണ് മുരളി പ്രസിഡന്റായ ലേബര്‍ സൊസൈറ്റി ഓഫീസില്‍ ആള്‍ക്കൂട്ടം പൂട്ടിയിട്ട് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് എത്തിയ പൊലീസ് ഇവരെ വടകര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അനാശാസ്യം ആരോപിച്ച് പൊലീസുകാരുടെ സഹായത്തെടെയാണ് ഡിവൈഎഫ്‌ഐയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഗുണ്ടായിസം നടത്തിയതെന്ന് കോണ്‍ഗ്രസും യുഡിഎഫും ആരോപിച്ചു.

വടകര പൊലീസിന്റെ കെടുകാര്യസ്ഥതയും മാഫിയാ ബന്ധത്തിനുമെതിരെ സമരം ചെയ്ത തിരുവള്ളൂര്‍ മുരളിയെ ബോധപൂര്‍വം മോശക്കാരനായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ഇവര്‍ ആരോപിച്ചു. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പൊലീസ് സ്‌റ്റേഷനിലെത്തുകയും ഇവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. വടകരയില്‍ കീര്‍ത്തി തിയേറ്ററിന് സമീപം മുരളീധരന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ ഓഫീസില്‍ പുതുതായി ജോലിക്കെത്തിയതാണ് പയ്യോളിയിലെ കോണ്‍ഗ്രസ് നേതാവായ യുവതി. ഓഫീസിലെ മറ്റ് ജീവനക്കാര്‍ ഫീല്‍ഡില്‍ പോയ നേരത്താണ് ആള്‍ക്കൂട്ടം ഇവരെ മുറിക്കുള്ളില്‍ പൂട്ടിയത്. ഉച്ചയോടെ ഇവരെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും ഇരുവരേയും പിന്നീട് വിട്ടയക്കാന്‍ പൊലീസ് തയ്യാറാവുകയായിരുന്നു. തങ്ങളെ മെഡിക്കല്‍ പരിശോധനയക്ക് വിധേയരാക്കണമെന്ന ഇവരുടെ ആവശ്യത്തെതുടര്‍ന്ന് പൊലീസ് ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. ലഭിച്ച പരിശോധനാഫലത്തില്‍ അസ്വാഭാവികമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. വടകര പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. പൊലീസുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടാവുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മനപൂര്‍വം വ്യക്തിഹത്യ നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. യുവതി വനിതാകമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. വടകരയില്‍ ഈ അടുത്ത ദിവസങ്ങളിലായി സദാചാര ഗുണ്ടായിസം വര്‍ദ്ധിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.