അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി;കേസുമായി മുന്നോട്ടുപോയാല്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി; ഭീഷണിക്ക് പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കളാണെന്ന്‌ സൂചന

കൊല്ലം: അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് ഭീഷണിക്ക് പിന്നിലെന്ന് സൂചന.കേസുമായി മുന്നോട്ടുപോയാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. അഞ്ചംഗ സംഘം പെണ്‍കുട്ടിയുടെ പിതാവിനോടാണ് ഭീഷണി മുഴക്കിയത്.വധഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസില്‍ പരാതി നല്‍കിപെണ്‍കുട്ടിയും കുടുംബവും. പെണ്‍കുട്ടിക്കൊപ്പം സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പാലക്കാട് സ്വദേശി അനീഷ് കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിനെയും പെണ്‍കുട്ടിയെയും തടഞ്ഞുവച്ചു മര്‍ദിക്കുകയും യുവതിയെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ കായംകുളം എരുവ മണലൂര്‍ തറയില്‍ ധനേഷ് (25), അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് (33), അഴീക്കല്‍ സ്വദേശി ബിജു (42) എന്നിവരാണു പിടിയിലായത്.ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് കൊല്ലം അഴീക്കല്‍ ബീച്ചില്‍ പെണ്‍കുട്ടിക്കും സുഹൃത്തായ യുവാവിനും സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ പെണ്‍കുട്ടിസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ അവിടെ മദ്യപിച്ചു കൊണ്ടിരുന്ന സംഘം കടന്നു പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ സംഘം മര്‍ദ്ദിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു ഇവര്‍ പെണ്‍കുട്ടിയെയും യുവാവിനെയും അപമാനിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.