സദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേര്‍ക്കെതിരെ കേസ്, നരഹത്യക്ക് കേസെടുക്കും?

കൊല്ലം: കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അനീഷിന്റെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു.അനീഷിന്റെ ആത്മഹത്യ കുറിപ്പില്‍ ധനേശ്, രമേശ് എന്നിവരുടെ പേരുകളാണ് പരാമര്‍ശിക്കുന്നത്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.അനീഷിന്റെ മരണത്തിന് ഉത്തരവാദികള്‍ അവര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ കൊലക്കുറ്റത്തിന് കേസെടുത്ത് അവരെ ശിക്ഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം അനീഷിന്റെ ആത്മഹത്യക്ക് കാരണം വീണ്ടും അപമാനിക്കപ്പെട്ടതിനാലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ സുഹൃത്തുക്കള്‍ സംഭവശേഷം അനീഷിനെ വീണ്ടും ഫേസ്ബുക്കിലൂടെ അപമാനിച്ചിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനീഷ് കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നെന്നും അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പ്രണയദിനത്തില്‍ അനീഷിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും അഴീക്കല്‍ ബീച്ചില്‍ വച്ച് ഒരു സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി പ്രാഥമികാവശ്യത്തിനായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയപ്പോള്‍ അവിടെ മദ്യപിച്ചു കൊണ്ടിരുന്ന സംഘം കടന്നു പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ സംഘം മര്‍ദ്ദിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു ഇവര്‍ പെണ്‍കുട്ടിയെയും യുവാവിനെയും അപമാനിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.