ജിയാനി ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ്; 115 വോട്ടുകളാണ് ജിയാനിക്ക് ലഭിച്ചത്

സൂറിച്ച്: ഫിഫയുടെ പുതിയ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടു. 115 വോട്ടുകളാണ് നിലവിലെ യുവേഫ ജനറല്‍ സെക്രട്ടറി ജിയാനിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ അല്‍ ഖലീഫയ്ക്ക് 88 വോട്ട് ലഭിച്ചു. ഫിഫയിലെ 207 അംഗ രാജ്യങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അഴിമതിയാരോപണത്തെ തുടര്‍ന്ന് സെപ് ബ്ലാറ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഏഷ്യന്‍ കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് ഷൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ്, ജോര്‍ദ്ദാന്‍ രാജകുമാരന്‍ അലി ബിന്‍ ഹുസൈന്‍, ജറോം ഷാംപെയ്ന്‍ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇന്‍ഫന്റിനോ88, ഷെയ്ഖ് സല്‍മാന്‍85, അലി ബിന്‍ അലി27 എന്നിങ്ങനെ ആയിരുന്ന ആദ്യ റൗണ്ടിലെ വോട്ടിംഗ് നില. മറ്റൊരു സ്ഥാനാര്‍ത്ഥി ടോക്യോ സെക്‌സ് വെയില്‍ ആദ്യറൗണ്ട് വോട്ടെടുപ്പിന് മുന്‍പ് പിന്‍മാറി. സ്വിറ്റ്‌സര്‍ലന്റുകാരനായ ഇന്‍ഫന്റിനോ 2009 ല്‍ ആണ് യുവേഫ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ലോകകപ്പില്‍ 40 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിക്കും എന്നതാണ് പുതിയ പ്രസിഡന്റിന്റെ വാഗ്ദാനം.

© 2024 Live Kerala News. All Rights Reserved.