കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികളുമായി ഏറ്റുമുട്ടല്‍ തുടരുന്നു; മരിച്ച സൈനികരുടെ എണ്ണം അഞ്ചായി

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുമ്പോള്‍ ഭീകരരുടെ വെടിവയ്പില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. മൂന്നു ജവാന്മാരാണ് ഇന്നലെ മരിച്ചത്. ഒരു ഭീകരനെ വധിച്ചു. മൂന്നു മുതല്‍ അഞ്ചു ഭീകരര്‍ വരെ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുപ്പുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ കൈവശം വന്‍ ആയുധശേഖരമുണ്ടെന്നാണു വിലയിരുത്തല്‍. ബഹുനില സമുച്ചയത്തിന്റെ തുറന്ന നിര്‍മിതി സവിശേഷതമൂലം ഭീകരരുടെ കണ്ണുവെട്ടിച്ചു കെട്ടിടത്തിനു സമീപം എത്തുകയെന്നത് സൈന്യത്തിനു വെല്ലുവിളിയാകുന്നുണ്ട്. പാരാ സ്‌പെഷല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ പവന്‍കുമാര്‍, ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍, ഓം പ്രകാശ് എന്നിവരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്. ഇന്നലെ പുലര്‍ച്ചെ കെട്ടിടത്തിനുള്ളിലേക്കു സൈന്യം ഇരച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ഭീകരര്‍ നടത്തിയ വെടിവയ്പിലാണു മരണം. ശക്തമായ വെടിവെയ്പ്പ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.