ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും പ്രദേശവാസിയും മരിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലില്‍ സൈനിക ക്യാപ്റ്റനുള്‍പ്പെടെയാണ് നാല് മരണം. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായാണ് സംശയം. മൂന്നോ അഞ്ചോ ഭീകരരാണ് കെട്ടിടത്തിനുള്ളില്‍ ഉള്ളത്. പാംപോറില്‍ ശ്രീനഗര്‍ജമ്മു ദേശീയ പാതയില്‍ ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് സമീപത്തുള്ള എന്റര്‍പ്രണര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഭീകരര്‍ ഇടിച്ചുകയറി വെടിവെപ്പും ഗ്രനേഡ് ആക്രമണവും നടത്തുകയായിരുന്നു. അതേ സമയം കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു. 144 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഭോല സിംഗ്, 79 ബറ്റാലിയനിലെ ഹെഡ് ആര്‍.കെ റാണ എന്നിവരാണ് ഭീകരരുടെ വെടിവെപ്പില്‍ മരിച്ച ജവാന്‍മാര്‍. ദാല്‍ ഗേറ്റില്‍ നിന്നു പത്ത് കിലോമീറ്റര്‍ അകലെ സെംപോറിലുള്ള ഇഡിഐ സമുച്ചയത്തില്‍ ഹോസ്റ്റലും അതിഥിമന്ദിരവും ഉള്‍പ്പെടെ മൂന്ന് കെട്ടിടങ്ങളാണുള്ളത്. പ്രധാന കെട്ടിടത്തിലെ ജീവനക്കാരെയാണ് ഒഴിപ്പിച്ചത്. വന്‍ ആയുധങ്ങളുമായാണ് ഭീകരര്‍ തകമ്പടിച്ചത്.