രണ്ട് ഇന്ത്യന്‍ വനിതകളുടേത് അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുളള കളളപ്പണ നിക്ഷേപകരുടെ പേരുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വെളിപ്പെടുത്തി. സര്‍ക്കാര്‍ ഗസറ്റിലാണ് സ്വിറ്റ്്‌സര്‍ലന്‍ഡ് പേരുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
നിക്ഷേപകരുടെ പൗരത്വവും ജനനത്തീയതിയുമാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌നേഹ ലതാ സ്വാഹണി, സംഗീത സ്വാഹണി എന്നീ ഇന്ത്യക്കാരുടെ അക്കൗണ്ടുകളാണ് പ്രസിദ്ധപ്പെടുത്തിയതെന്നാണ് സൂചന. നേരത്തെ സ്വിസ് ബാങ്കുകളില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരുടേയും പേരുകള്‍ വ്യക്തമായത്. ടയര്‍ വ്യാപാരിയായ ഭര്‍ത്താവിനൊപ്പം ജോയിന്റ് അക്കൗണ്ടാണ് സ്‌നേഹ ലതാ സ്വാഹണിയുടേത്. 1970 തുറന്ന ഈ അക്കൗണ്ടിലെ നിക്ഷേപം 12.64 കോടിയാണെന്നാണ് വിവരം. അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അതിന്റെ ഉടമകളുടെ പൗരത്വമുളള രാജ്യങ്ങള്‍ക്ക് കൈമാറുന്നതിനെതിരെ 30 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
ഇക്കാര്യം വിശദമാക്കി ഈ മാസം 5,12, 19 തീയതികളിലായി സ്വിസ് നികുതി വകുപ്പ് അക്കൗണ്ട് ഉടമകള്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍പേരുടെ വിവരങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷ. കളളപ്പണക്കാരുടെ വിവരം കൈമാറുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏറെക്കാലമായി സ്വിസ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നതിനായി നിയമഭേദഗതി പരിഗണിക്കുമെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയ്ക്കുപുറമെ റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍ , അമേരിക്ക, ഇസ്രയേല്‍ എന്നി രാജ്യങ്ങളില്‍നിന്നുളളവരുടെ പേരുകളാണ് പട്ടികയിലുളളത്. എന്നാല്‍ മറ്റുരാജ്യക്കാരുടേതില്‍ നിന്ന് വ്യത്യസ്തമായി ജനനത്തീയതിക്ക് പകരം അമേരിക്കന്‍, ഇസ്രയേല്‍ പൗരന്‍മാരുടെ പേരുകളുടെ ആദ്യക്ഷരങ്ങള്‍ മാത്രമാണ് പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.