ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

ഡല്‍ഹി: ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇവരെ വിട്ടയ്ക്കാന്‍ ഇതുവരെ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. വിട്ടയച്ച രണ്ട് അധ്യാപകരെ ഇന്നു ലിബിയയില്‍നിന്ന് ഇന്ത്യയിലേക്കു തിരിച്ചേക്കും.

ലിബിയയിലെ സിര്‍ത്ത് സര്‍വകലാശാലയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഹൈദരാബാദ് സ്വദേശികളായ അധ്യാപകരെ മോചിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അധ്യാപകരായ കെ ബല്‍റാം, ടി ഗോപീകൃഷ്ണ എന്നിവരുടെ ജീവന് ഇതുവരെ ഭീഷണി ഇല്ലെന്നും മോചന കാര്യത്തില്‍ ശുഭാപ്തിവിശ്വാസം ഉണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ട്രിപ്പോളിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ മുഹമ്മദ് റാഷിദ് ഖാന്‍, ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എ.എച്ച് ഖാന്‍ എന്നിവരുമായി നയതന്ത്ര ഉദ്യോസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സിര്‍ത്ത് സര്‍വകലാശാല അധികൃതരുമായും ഇന്ത്യന്‍ ജീവനക്കാരുമായും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.

തട്ടിക്കൊണ്ടുപോയ തെലങ്കാന സ്വദേശിയെ മോചിപ്പിക്കാനാവശ്യപ്പെട്ടു തെലങ്കാല മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. മോചിപ്പിക്കപ്പെട്ട കര്‍ണാടക സ്വദേശികളായ ലക്ഷ്മി കാന്ത് രാമകൃഷ്ണ, എം വിജയ് കുമാര്‍ എന്നവര്‍ വെള്ളിയാഴ്ച രാത്രിയോടെ ലിബിയയിലെ ഇന്ത്യന്‍ എംബസിയിലെത്തിയിട്ടുണ്ട്. ഇവര്‍ ഇന്നു ലിബിയയില്‍ നിന്ന് ഇന്ത്യയിലെത്തും.

© 2024 Live Kerala News. All Rights Reserved.