പെഷാവര്‍ സൈനിക സ്‌കൂളിലെ കൂട്ടക്കൊല: ആക്രമണത്തില്‍ ഇന്ത്യക്കും പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍

 

ലാഹോര്‍: പെഷാവറിലെ സൈനിക സ്‌കൂളില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ വക്താക്കള്‍ തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ ഓഗസ്റ്റില്‍ നടക്കാനിരിക്കെയാണ് പുതിയ വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.

റഷ്യയിലെ ഉഫയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ വക്താക്കള്‍ തമ്മിലുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് തീരുമാനമായത്.

എന്നാല്‍ ഈ ആവശ്യം മുന്നോട്ടുവച്ചത് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. മാത്രമല്ല പെഷാവര്‍, ബലൂചിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നുള്ള വസ്തുത ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ 16ന് പെഷവാറിലെ സൈനിക സ്‌കൂളില്‍ പാക്ക് താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 132 കുട്ടികളടക്കം 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.