ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം അടുത്തവര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനസജ്ജമാകും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം അടുത്തവര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനസജ്ജമാകും. അതോടെ യുഎസിന്റെ ജിപിഎസിന്റെ സഹായം പൂര്‍ണമായി ഉപേക്ഷിക്കാനാകുമെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. കെ. ശിവന്‍വാര്‍ത്താലേഖകരോടു് പറഞ്ഞു. സ്വന്തമായി ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

വ്യോമ ഗതാഗതത്തില്‍ ഉള്‍പ്പടെ സ്വന്തം ഗതിനിര്‍ണയ സംവിധാനത്തിലെത്താന്‍ ഇനി ഏതാനും ചുവടുകൂടിയേയുള്ളൂ. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ഇന്ത്യയുടെ തന്നെ ഇപ്പോഴത്തെ ഗഗന്‍ എന്ന ഗതിനിര്‍ണയ സംവിധാനത്തിന്റെ വികസിത രൂപമാണിത്. ഗഗന്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ നല്‍കുന്ന വിവരങ്ങളോടൊപ്പം ജിപിഎസ്സിനെയും ആശ്രയിക്കുന്നുണ്ട്. ഗഗന്റെ മേഖലകള്‍ വിപുലമാക്കും.

ഐആര്‍എന്‍എസ്എസ് പൂര്‍ണതോതിലെത്താന്‍ ഏഴ് ഉപഗ്രഹങ്ങളാണ് വേണ്ടത്. ഇതില്‍ നാലെണ്ണം വിക്ഷേപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ അടുത്തവര്‍ഷം മാര്‍ച്ചിന് മുന്‍പു ബഹിരാകാശത്തെത്തും. ഇതോടെ സ്വതന്ത്രമായി ഗതിനിര്‍ണയ സംവിധാനം ഉണ്ടാക്കുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. ജിപിഎസ്സിനുപുറമെ റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബെയ്ഡു, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ എന്നിവയാണ് മറ്റ് ഗതിനിര്‍ണയ സംവിധാനങ്ങള്‍.

© 2024 Live Kerala News. All Rights Reserved.