പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും; പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് ജയരാജന്‍. ഇവിടെ ചികില്‍സ നല്‍കാന്‍ ചില നിയമതടസ്സങ്ങളുള്ളതിനാലാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്. ഇതു സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി.ജയരാജന്റെ ചികില്‍സാ രേഖകള്‍ മെഡിക്കല്‍ കോളജിന് കൈമാറി. റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം. അടിയന്തര ഘട്ടങ്ങളില്‍ അനുവദിക്കാം. എന്നാല്‍ 24 മണിക്കൂറിലധികം നേരെ പ്രതികള്‍ സ്വകാര്യ ആശുപത്രിയില്‍ തുടരരുത്. അതിനാല്‍ ജയരാജനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ക്ക് ജയില്‍ അധികൃതര്‍ തുടക്കം കുറിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനമെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കായിരിക്കും കൊണ്ടുപോകുക. ജയരാജന് കാര്യമായ അസുഖങ്ങളില്ലെന്ന് കാണിച്ച് പരിയാരത്ത് അദേഹത്തെ ചികിത്സിക്കുന്ന ഡോ; അഷ്‌റഫ് സിബിഐ വൃത്തങ്ങളെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖകള്‍ നാളെ ആശുപത്രി അധികൃതര്‍ സിബിഐയ്ക്ക് നല്‍കും.

© 2024 Live Kerala News. All Rights Reserved.