കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈകോടതി തള്ളി. കേസില്‍ യുഎപിഎ പ്രഥമദൃഷ്ട്യ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പ്രതിയുടെ പദവിയല്ല പ്രധാനമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാരനായതുകൊണ്ട് ജയരാജന് പ്രത്യേക പരിഗണനയില്ല. അതുകൊണ്ടുതന്നെ കേസില്‍ ഇടപെടാന്‍ കഴിയില്ല. ജയരാജനൊഴികെ മറ്റാര്‍ക്കും മനോജിനോട് വൈരാഗ്യമില്ല. ആസൂത്രിതമായ കൊലപാതകമാണ് മനോജിന്റേത്. കൊലപാതകം ആസൂത്രണം ചെയ്ത വിക്രമന്‍ പി ജയരാജന്റെ അടുത്ത സഹായിയാണ്. സിബിഐയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും കോടതി അംഗീകരിച്ചു. മനോജിന്റെ വധത്തിന് പിന്നിലെ ബുദ്ധികേന്ദ്രം പി ജയരാജനെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ് ജയരാജന്‍. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സിബിഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരിക്കുകയുണ്ടായി.
മനോജ് വധക്കേസില്‍ 25-ാം പ്രതിയാണ് പി ജയരാജന്‍. കേസിലെ മൂന്നാം പ്രതി സി. പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയില്‍ കൃഷ്ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കൃഷ്ണന് മനോജുമായോ വിക്രമനുമായോ ബന്ധമില്ല, നേതാക്കള്‍ പറയാതെ കൃഷ്ണന്‍ വിക്രമനെ സഹായിക്കില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും ജയരാജന്‍ ലീവ് എടുത്തിരിക്കുകയുമാണ്. എംവി ജയരാജനാണ് താത്കാലിത ചുമതല കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടുതവണയും പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ജാമ്യപേക്ഷയും തള്ളണമെന്നാണ് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. 2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശേരിയിലേക്ക് വാന്‍ ഓടിച്ചു വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വാനിന് ബോംബ് എറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.