ആശുപത്രിവിട്ട പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയേക്കും; അദേഹം കണ്ണൂരിലെത്തി; പാര്‍ട്ടിയോഗത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും കീഴടങ്ങല്‍

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പി ജയരാജന്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ജയരാജന്‍ കണ്ണൂരില്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം കോടതയിലെത്തി കീഴടങ്ങുമെന്നാണ് വിവരം. ജയരാജന്‍ എകെജി സഹകരണ ആശുപത്രിയുടെ ആംബുലന്‍സിലാണ് കണ്ണൂരിലെത്തിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎപിഎ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു വിലക്കുള്ളതിനാല്‍! ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന്റെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജയരാജന്റെ യോഗ്യതകള്‍ മാനിച്ചു പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു. കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളില്‍ ഭീതി പരത്താനുമുള്ള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്നുള്ള സിബിഐ വാദം അംഗീകരിച്ചാണു കോടതി നടപടി. പി ജയരാജനെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.