കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ ജാമ്യപേക്ഷയില്‍ ഇന്ന് വിധി; ഹൈക്കോടതി തള്ളിയാല്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യും

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധിപറയും. ജാമ്യം നിഷേധിച്ചാല്‍ ജയരാജനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോടതി നിര്‍ദേശപ്രകാരം സിബിഐ രേഖകള്‍ ഹാജരാക്കി. സിബിഐ കേസ് ഡയറിയിലുള്ള വിവരങ്ങള്‍ സമയത്ത് ഹാജരാക്കിയില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.ഹൈക്കോടതിയില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ സിബിഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുളള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുകയാണ് ജയരാജന്റെ രീതി. കതിരൂര്‍ മനോജ് വധക്കേസ് മാത്രമല്ല, പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ജയരാജന് പങ്കുണ്ട്. നിയമത്തെ മറികടക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് തുടരന്വേഷണത്തിന് അത്യാവശമാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ ഹൈക്കോടതി വിധി നിര്‍ണ്ണായകമാണ്.

© 2024 Live Kerala News. All Rights Reserved.