കതിരൂര്‍ മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം പി ജയരാജനെന്ന് സിബിഐ; അറസ്റ്റ് അനിവാര്യം; സിബിഐക്കെതിരെ പിണറായി വിജയന്‍

കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പങ്ക് വ്യക്തമാക്കി സിബിഐ. മനോജിന്റെ വധത്തിന് പിന്നിലെ ബുദ്ധികേന്ദ്രം പി ജയരാജനെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ് ജയരാജന്‍. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കി. സിബിഐ നേരത്തെ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നെങ്കില്‍ ഇപ്പോള്‍ ബിജപിയുടെ ഭാഗമായിത്തുടരുന്നെന്നും പിണറായി വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടുതവണയും പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ജാമ്യപേക്ഷ തള്ളണമെന്നാണ് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശേരിയിലേക്ക് വാന്‍ ഓടിച്ചു വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വാനിന് ബോംബ് എറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.

© 2024 Live Kerala News. All Rights Reserved.