ബാര്‍ക്കോഴക്കേസില്‍ മന്ത്രി കെ.ബാബു കോഴ വാങ്ങിയതിന് തെളിവില്ല; ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബു കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ്. ബിജു രമേശില്‍ നിന്ന് ബാബു 50 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജലന്‍സ് മേധാവി എന്‍.ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബിജു രമേശിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ കിട്ടിയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊഴികളുടേയും സാങ്കേതിക പരിശോധനകളുടേയും അടിസ്ഥാനത്തില്‍ ആരോപണം തെളിയിക്കാനായിട്ടില്ല. 13 പേരില്‍ നിന്ന് മൊഴിയെടുക്കുകയും 44 രേഖകള്‍ പരിശോധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജു രമേശിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കുമുള്ള ഈ രേഖകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് വിജിലന്‍സ് ജഡ്ജി അവധിയായതിനാല്‍ കേസ് നാളെയായിരിക്കും പരിഗണിക്കുക.

© 2024 Live Kerala News. All Rights Reserved.