ശക്തമായ സമരത്തിന് പ്രതിപക്ഷ തീരുമാനം; ഉമ്മന്‍ചാണ്ടിയെയും ആര്യാടനെയും ബഹിഷ്‌കരിക്കും; എല്‍ഡിഎഫ് സംഘം ഗവര്‍ണറെ കാണും

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ കോഴവാങ്ങിയെന്ന ആരോപണം നേരിടുന്ന ഉമ്മന്‍ചാണ്ടിയെയും ആര്യാടനെയും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം. കൂടാതെ മുഖ്യമന്ത്രിയും, അഴിമതിക്ക് കൂട്ടുനിന്ന ആര്യാടനും രാജിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭങ്ങള്‍ തുടരുമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന സര്‍ക്കാരിനായി നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി മൂന്നിനാണ് എല്‍ഡിഎഫ് സംഘം ഗവര്‍ണറെ കാണുവാന്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഫെബ്രുവരി അഞ്ചിന് നിയമസഭയിലേക്ക് എല്‍ഡിഎഫ് ജനകീയ മാര്‍ച്ചും നടത്തും.കെ.എം.മാണിയുടെ ബജറ്റ് അവതരണ ദിവസം നടന്ന തരത്തിലുളള പ്രതിഷേധങ്ങള്‍ നിയമസഭയില്‍ ഇത്തവണ നടത്തേണ്ട എന്ന ധാരണയാണ് നേതൃത്വത്തിനുളളത്. അതേസമയം മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് പഞ്ചായത്ത് തലത്തില്‍ അഴിമതി വിരുദ്ധ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.