ന്യൂഡല്‍ഹി : റിപബ്ലിക് ദിനത്തില്‍ അട്ടിമറിക്ക് നീക്കം നടത്താന്‍ ലക്ഷ്യമിടുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതുന്ന പതിനാല് പേര്‍ പിടിയിലായി. രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലിലാണ് പതിനാല് പേര്‍ പിടിയിലായത്. ഇന്നലെ മാത്രം നാല് പേരാണ് പിടിയിലായത്. കര്‍ണാടക, ഹൈദരാബാദ്,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. അതത് സംസ്ഥാനങ്ങളിലെ പൊലീസും തീവ്രവാദ വിരുദ്ധ സേനയും എന്‍ഐഎയും നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇവരില്‍ മൂന്ന് പേര്‍ ഹരിദ്വാറില്‍ നടക്കുന്ന അര്‍ദ്ധ കുംഭ മേളയ്ക്കിടെ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പിടിയിലായവരില്‍ ഉദ്യോഗസ്ഥരും വിദ്യര്‍ത്ഥികളുമുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവര്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഭീകരസംഘങ്ങള്‍ നുഴഞ്ഞുകയറിയുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.