ബന്ദികളെ തലയറുത്തുകൊല്ലുന്നതിലൂടെ കുപ്രസിദ്ധനായ ഐഎസ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതു തന്നെ; യുഎസ് വ്യോമാക്രമണത്തില്‍ ഇയാള്‍ മരിച്ചതായി ഐഎസ് സ്ഥിരീകരിച്ചു

ദുബൈ: ബന്ദികളെ തലയറുത്തു കൊലപ്പെടുത്തുന്ന വിഡിയോകളിലൂടെ കുപ്രസിദ്ധനായ ഐഎസ് ഭീകരന്‍ ‘ജിഹാദി ജോണ്‍’ കൊല്ലപ്പെട്ടതായി ഒടുവില്‍ ഐഎസ് സ്ഥിരീകരിച്ചു. ഇയാള്‍ കൊല്ലപ്പെട്ടുവെന്നു കഴിഞ്ഞ നവംബറില്‍ യുഎസ് അവകാശപ്പെട്ടിരുന്നു. വടക്കന്‍ സിറിയയിലെ റഖയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഐസ് അന്ന് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.ഇന്നു പുലര്‍ച്ചെയാണ് ഐഎസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പൗരനായ മുഹമ്മദ് എംവാസിയാണ് ജിഹാദി ജോണ്‍ എന്നറിയപ്പെട്ടിരുന്നത്. ഇയാളുടെ മരണശേഷം ‘ജിഹാദി ജോണ്‍’ എന്ന പേരില്‍ മറ്റൊരാള്‍ കൊലപാതക വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാള്‍ ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ഥ് ധര്‍ ആണെന്നു സംശയിക്കപ്പെടുന്നു. ഐഎസിലെ ഏറെ ക്രൂരനായ വ്യക്തിയായാണ് ജിഹാദി ജോണിനെ വിശേഷിപ്പിച്ചിരുന്നത്.