അവള്‍ നിര്‍ഭയമായി യാത്രയായിട്ട് മൂന്നാണ്ട്; ഡല്‍ഹി കൂട്ടബലാത്സംഘത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍ രാജ്യം

ന്യൂഡല്‍ഹി: നാം ഒരിക്കലും മറക്കരുത് അവളെ. ആ ദിനത്തെയും. ഓരോ മനുഷ്യനും നടുങ്ങുകയും ഓരോ പുരുഷനും തലതാഴ്ത്തുകയും ചെയ്ത കുറത്തദിനമായിരുന്നു
ഡല്‍ഹിയിലെ കൂട്ട ബലാത്സംഘം. 2012 ഡിസംബര്‍ 16നായിരുന്നു കുറെ കിരാതന്‍മാര്‍ നിര്‍ഭയയെന്ന് നാം വിളിക്കുന്ന അവളെ പിച്ചിച്ചീന്തിയത്.
ഡിസംബര്‍ 16 രാത്രിയിലാണ് രാജ്യത്തെ നടുക്കിയ ക്രൂരത ദില്ലിയില്‍ അരങ്ങേറിയത്. ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു. സംഭവത്തെത്തുടര്‍ന്ന് രാജ്യം വന്‍ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചു.ജ്യോതിസിംഗ് എന്ന നിര്‍ഭയ ഡല്‍ഹി പെണ്‍കുട്ടിയെന്നുമൊക്കെ പേരുവിളിച്ച അവളുടെ ഓര്‍മ്മകള്‍ മാതാപിതാക്കളെ ഈറനണിയിപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ഇറങ്ങിയ ബിബിസിയുടെ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയും ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഭീകരതയെ ഓര്‍മ്മിപ്പിച്ചു. ക്രൂരമായി പീഡിപ്പിച്ചും ദുരന്തത്തിന്റെ പ്രധാന കാരണം പെണ്‍കുട്ടിയാണെന്ന് നിലപാടിലായിരുന്നു പ്രതികള്‍.ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ നാല് പേര്‍ക്ക് വധശിക്ഷ ലഭിച്ചു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുഖ്യപ്രതിയായ രാംസിങ് ജയിലില്‍ വെച്ച് തൂങ്ങിമരിച്ചു. പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ ലഭിക്കരുതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു.

680804698

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഡിസംബര്‍ 19ന് വിട്ടയക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു്. പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ സുബ്രഹമണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും നിരവധി സംഘടനകളും രംഗത്തു വന്നിരുന്നു.അഴിമതിക്കെതിരെ പോരാടുന്ന പാര്‍ട്ടിയെന്ന നിലയില്‍ ചൂല്‍ തെരഞ്ഞെടുപ്പ് ചിഹ്നമാക്കി ഡല്‍ഹിയില്‍ വിജയം കൊയ്ത അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയ്ക്ക് ശക്തി പകര്‍ന്നത് ഈ സംഭവമായിരുന്നു. പാര്‍ട്ടിയ്ക്ക് ലഭിച്ച പിന്തുണയുടെ പിന്നില്‍ ഡല്‍ഹിയെ നടുക്കിയ സംഭവത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടുകളായിരുന്നു. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാന്‍ മുന്‍നിരയില്‍ ആം ആദ്മി പാര്‍ട്ടിയും കേജ്‌രിവാളും ഉണ്ടായിരുന്നു. രാഷ്ട്രപതിഭവനിലേയ്ക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരത്തോളം പ്രക്ഷോഭത്തിന് അണിനിരന്നു. ജന്തര്‍മന്തറില്‍ ആം ആദ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മുമ്പ് ബലാത്സംഗത്തില്‍ ഇരയായവരും നീതിയ്ക്കായി ആം ആദ്മിയോടൊപ്പം ചേര്‍ന്നു. ഇതിന്റെയെല്ലാം ആകെത്തുകയായിരുന്നു ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയം. രാജ്യത്തിന്റെ നിയമവ്യവസ്ഥയെക്കൂടി ചോദ്യം ചെയ്തുകൊണ്ടാണ് ഡല്‍ഹി പെണ്‍കുട്ടി രക്തസാക്ഷിയായി മാറിയത്. രാജ്യം കണ്ട ഏറ്റവും വലിയൊരു ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകളുടെ മൂര്‍ച്ചപോരാതെ വന്നകാലമായിരുന്നു അത്. അവള്‍ നിശബ്ദമായി ഉറങ്ങുമ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ ഇപ്പോഴും ഞെട്ടി ഉറക്കമുണരാറുണ്ട്.

© 2024 Live Kerala News. All Rights Reserved.