നിലമ്പൂരിലെ പോരാട്ടം ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും; പി വി അന്‍വറും മോഹന്‍ ജോര്‍ജ്ജും രണ്ടാമത്തെ വരിയില്‍; പ്രചാരണം ചൂടുപിടിക്കുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം തെളിഞ്ഞതോടെ പോരാട്ടമുഖത്ത് ആര്യാടനും സ്വരാജും നേരിട്ട് ഏറ്റുമുട്ടും. തൃണമൂല്‍ കോണ്‍ഗ്രസിലെ പി വി അന്‍വറും എന്‍ഡിഎയിലെ മോഹന്‍ ജോര്‍ജ്ജും പോരാട്ടഭൂമിയിലെ ഭടന്‍മാര്‍ മാത്രമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. സ്ഥാനാര്‍ത്ഥിയുടെ വാഹന പര്യടനം തുടരുകയാണ്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ നിന്നാണ് തിരഞ്ഞെടുപ്പ് വാഹന പ്രചാരണം ആരംഭിക്കുക. ഉച്ചക്ക് 3ന് തോണിപൊയിലില്‍ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കണ്‍വെന്‍ഷനുകളും എല്‍ഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ നിന്നും പ്രകടനമായി എത്തി 1.30യ്ക്കാണ് പത്രിക സമര്‍പ്പണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങി നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിവി അന്‍വര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നിലമ്പൂര്‍ താലൂക് ഓഫീസില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുക. നിലമ്പൂര്‍ ചന്തക്കുന്നില്‍ നിന്നും പത്ത് മണിയോടെ പ്രവര്‍ത്തകര്‍ക്ക് ഒപ്പം പ്രകടനമായി എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. പിവി അന്‍വര്‍ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നത്. ഇടത് വലത് സ്ഥാനാര്‍ഥികള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് പിവി അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒറ്റക്കെട്ടാണെന്നപോലുള്ള മണ്ടത്തരങ്ങള്‍ അന്‍വര്‍ പറയുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്.

© 2025 Live Kerala News. All Rights Reserved.