മലപ്പുറം: നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു. പെട്ടെന്നുതന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. തെരഞ്ഞെടുപ്പ് നടക്കാത്തത് നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് അന്‍വര്‍ കത്തില്‍ പറഞ്ഞത്. ജനാധിപത്യ നിയമമനുസരിച്ച് ഒരു മണ്ഡലത്തില്‍ ജനപ്രതിനിധിയുടെ ഒഴിവ് വന്നാല്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും നിലമ്പൂരിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ജൂലൈ 12 വരെ സമയമുണ്ടെന്നും ഉപേക്ഷിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അന്തിമ വോട്ടര്‍ പട്ടിക മെയ് ആദ്യവാരം പ്രസിദ്ധീകരിച്ചു. ബൂത്ത് ഓഫീസ് നിശ്ചയിക്കല്‍, ഉദ്യോഗസ്ഥ വിന്യാസത്തിനുള്ള ഒരുക്കം, വോട്ടിങ് യന്ത്രം സജ്ജീകരിക്കല്‍, സുരക്ഷ ക്രമീകരണം എന്നിവ പൂര്‍ത്തിയായി. നിലമ്പൂരില്‍ ഒഴിവ് വന്നത് ജനുവരി 12നാണ്.
ഉത്തരേന്ത്യയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട പല മണ്ഡലങ്ങളും അതിര്‍ത്തിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നത് സുരക്ഷാപ്രശ്‌നം ഉയര്‍ത്തുന്നു. ജമ്മു കശ്മീരിലും ഗുജറാത്തിലും രണ്ട് വീതവും പഞ്ചാബ്, ബംഗാള്‍, മണിപ്പുര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഒന്നിച്ചായിരിക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. കേരളത്തിലും ബംഗാളിലും മാത്രമാണ് കാലാവധി തീരുന്ന പ്രശ്‌നമുള്ളത്. മറ്റിടങ്ങളില്‍ സുരക്ഷ ചൂണ്ടിക്കാട്ടി നീട്ടിവയ്ക്കാവുന്നതേയുള്ളൂവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.