മലപ്പുറം: നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ പിടിതരാതെ മുന്നണികള്‍. ആരൊക്കെ സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജിന്റെ പേരാണ് സജീവ പരിഗണനയില്‍. പക്ഷേ സ്വരാജിന് താല്‍പര്യമില്ലെന്നാണ് വിവരം. അങ്ങനെയങ്കിലും സ്വതന്ത്രനെ പരീക്ഷിക്കാന്‍ സിപിഎം തയ്യാറാകുമെന്നാണ് വിവരം. സിപിഎം സാധ്യത പട്ടികയില്‍ മൂന്ന് സ്വതന്ത്രരാണ് ഇടം നേടിയിരിക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ യു ഷറഫലി ഉള്‍പ്പടെ പരിഗണനയിലുണ്ട്. നേരത്തെ ആര്യാടന്‍ മുഹമ്മദിനെതിരെ മത്സരിച്ചിട്ടുള്ള പ്രൊഫ. തോമസ് മാത്യുവിനെയും പരിഗണിക്കുന്നു.
സ്വതന്ത്ര പരീക്ഷണം ഉപേക്ഷിച്ചിട്ടില്ലെന്ന് നേരത്തെ ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞിരുന്നു. ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു നിലമ്പൂരില്‍ പി വി അന്‍വര്‍ അവസാനം രണ്ടു തവണ വിജയിച്ചതും. അങ്ങനെയെങ്കില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെ സ്ഥാനാര്‍ത്ഥിയാക്കനും സിപിഎമ്മില്‍ ആലോചന നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
അതേ സമയം നിലമ്പൂരില്‍ നിന്നുള്ളവരല്ലാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും നേതാക്കളെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്തോ ജോയിയോ വന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.