നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് അന്‍വറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പി വി അന്‍വര്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നിലമ്പൂരില്‍ അന്‍വര്‍ ശക്തിപ്രകടനവും നടത്തും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ദേശീയനേതൃത്വം അന്‍വറിനെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നതിനോടാണ് അന്‍വറിന് താത്പര്യം.
ബിജെപി സ്ഥാനാര്‍ഥിയും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നറിയുന്നു. സ്ഥാനാര്‍ഥിയാരെന്ന് തീരുമാനിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ നിലമ്പൂരിലെത്തും. ബിജെപി ജില്ലാ പ്രസിഡന്റ് രശ്മില്‍നാഥിന്റെ പേരാണ് സജീവപരിഗണനയിലുള്ളത്. അതേസമയം സ്വതന്ത്രസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്.
നിലമ്പൂരില്‍ പി.വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ ഒതായിയിലെ വീട്ടിലെത്തിയത്. യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോണ്‍ഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അന്‍വര്‍ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.
അതേസമയം, വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമായിരുന്നു അന്‍വര്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്‍വര്‍ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകിട്ടായതോടെ മത്സരിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിന്റെ ഒതായിയിലുള്ള വീട്ടിലെത്തി ചര്‍ച്ച നടത്തി. ഇന്നലെ രാത്രിയില്‍ രഹസ്യമായായിരുന്നു കൂടിക്കാഴ്ച്ച.