ദല്‍ഹിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ലഷ്‌കര്‍ ഇ തൊയ്ബ; 26/11 മോഡല്‍ ആക്രമണത്തിന് സാധ്യതയെന്നും ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്‌കറെ തോയിബയുടെ നീക്കമെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. പ്രമുഖ നേതാക്കള്‍ക്കെതിരെ വധശ്രമമുണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. 26/11 പോലുളള ആക്രമണങ്ങളാണ് ലഷ്‌കറെ തോയിബ നടപ്പാക്കാനുദേശിക്കുന്നതെന്നാണ് വിവരം. അതേസമയം ഡല്‍ഹിയില്‍ ലഷ്‌കറെ തോയിബ ഭീകരാക്രമണം നടത്തിയേക്കുമെന്ന് പൊലീസ് കഴിഞ്ഞദിവസം എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിനായി നിയോഗിച്ചിട്ടുളള ലഷ്‌കറെ നേതാക്കളായ ദുജാന, ഉകാഷ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കായി ഡല്‍ഹി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പാക് അധിനിവേശ കശ്മീര്‍ വഴിയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നും ചാവേര്‍ ആക്രമണത്തിനാണ് ലഷ്‌കറെ ലക്ഷ്യമിടുന്നതെന്നുമാണ് സൂചന. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഇന്ന് രാജ്യതലസ്ഥാനമുള്‍പ്പെടെ പലനഗരങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.