രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് കേന്ദ്രം: ഭീകരവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ചര്‍ച്ചയാകും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഭീകരവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനാണ് യോഗം. മൂന്നു ദിവസത്തെ യോഗം നാളെ രാജസ്ഥാനിലെ ജയ്പൂരില്‍ ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും ഡിജിപി മാരും ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. മാവോയിസ്റ്റ് വിഷയവും യോഗത്തില്‍ ചര്‍ച്ചയാവും. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് വിഭാഗങ്ങളുടെ അന്തര്‍ സംസ്ഥാന സേവനത്തിലെ ഏകോപനവും ചര്‍ച്ചയാകും.

പാര്‍ലമെന്റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. മൂന്ന് ബില്ലുകളിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയായിരുന്നു മൂന്ന് ബില്ലുകള്‍. ഐപിസി, സിആര്‍പിസി, തെളിവ് നിയമം എന്നിവയ്ക്ക് പകരമായിട്ടായിരുന്നു പുതിയ നിയമനിര്‍മ്മാണം.

© 2024 Live Kerala News. All Rights Reserved.