80% ഇന്ത്യക്കാർ മോദിക്കനുകൂലമായി ചിന്തിക്കുന്നു, ജനപ്രീതിക്ക് കോട്ടമില്ല: പ്യൂ റിസേര്‍ച്ച് സെന്റര്‍ സർവേ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ : ഏകദേശം പത്തില്‍ എട്ട് ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂല കാഴ്ചപ്പാടുള്ളതായും സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആഗോള സാന്നിദ്ധ്യം ശക്തിപ്പെട്ടതായി അവര്‍ കരുതുന്നതായും സര്‍വേ ഫലം.യു.എസിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച്‌ സെന്റര്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

55 % പേര്‍ക്ക് മോദിയോട് അനുകൂല കാഴ്ചപ്പാടാണ്. അഞ്ചിലൊന്ന് പേര്‍ മാത്രമാണ് അദ്ദേഹത്തെ കുറിച്ച്‌ പ്രതികൂല കാഴ്ചപ്പാടുള്ളത്. ഇന്ത്യയുടെ സ്വാധീനം സമീപ വര്‍ഷങ്ങളില്‍ ശക്തമായെന്ന് പത്തില്‍ ഏഴ് ഇന്ത്യക്കാര്‍ വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 65 % പേര്‍ക്ക് യു.എസിനോട് അനുകൂല നിലപാടാണ്. അതേ സമയം, റഷ്യയുടെ ആഗോള സ്വാധീനം ശക്തമായെന്ന് പത്തില്‍ നാല് പേര്‍ വിശ്വസിക്കുന്നു.

ഇക്കൊല്ലം സര്‍വേ നടത്തിയ 24 രാജ്യങ്ങളില്‍, ഭൂരിഭാഗം പേര്‍ റഷ്യയെ പറ്റി അനുകൂല നിലപാടും ( 57 % ), പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനില്‍ ആത്മവിശ്വാസവും പ്രകടിപ്പിച്ച ഏക രാജ്യമാണ് ഇന്ത്യയെന്ന് പ്യൂ റിസേര്‍ച്ച്‌ സെന്റര്‍ പറയുന്നു.

അതേ സമയം, മൂന്നില്‍ രണ്ട് ഇന്ത്യക്കാര്‍ക്കും ചൈനയോട് അനുകൂല പ്രതികരണമില്ല. ഫെബ്രുവരി 20 മുതല്‍ മേയ് 22 വരെയുള്ള കാലത്താണ് സര്‍വേ നടത്തിയത്. ഇന്ത്യയില്‍നിന്ന് 2,611 പേരടക്കം 24 രാജ്യങ്ങളില്‍നിന്നായി 30,861 പേര്‍ സര്‍വേയില്‍ പങ്കാളികളായി. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേര്‍ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി ചിന്തിക്കുമ്പോള്‍, ഇതില്‍ 55% പേര്‍ അദ്ദേഹത്തെ വളരേയധികം പിന്തുണയ്ക്കുന്നു.

© 2024 Live Kerala News. All Rights Reserved.