പ്രളയത്തില്‍ നിന്ന് ചെന്നൈ പാഠം ഉള്‍ക്കൊള്ളുമോ? വികലമായ വികസന സങ്കല്‍പ്പങ്ങളുടെ തിരിച്ചടിയില്‍ നിന്ന്….

എസ്. വിനേഷ്‌കുമാര്‍

1978630_1077664745591758_5575297261674534608_n (1)

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ചെന്നൈ മനുഷ്യമനസ്സില്‍ ഒരു ദു:ഖമായി അവശേഷിക്കുമ്പോഴും അതിലേക്കുണ്ടായ സാഹചര്യത്തെ പരിശോധിക്കപ്പെടുകതന്നെ വേണം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ തള്ളിക്കള്ളയാനാവില്ലെങ്കിലും വികലമായ വികസനസങ്കല്‍പ്പങ്ങള്‍ക്ക് മുകളില്‍കെട്ടിപ്പൊക്കിയ ആഡംബരത്തിന്റെ പെട്ടിക്കൂട്ടങ്ങളായി ചെന്നൈയിലെ കെട്ടിടങ്ങള്‍ എന്നുതന്നെ വേണം വിലയിരുത്താന്‍. ഐടി ഹബ്ബുകളും ടൂറിസം സാധ്യതകളും പരമാവധി ഉയോഗിച്ചുകൊണ്ട് വിദേശനാണ്യത്തെ ഇന്ത്യന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക് തന്നെ ചെന്നൈ വഹിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതിനുമെത്രയോ അപ്പുറമാണ് ചെന്നൈ എന്ന തമിഴകത്തെ ഭരണസിരാകേന്ദ്രത്തിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചെറിയൊരു ന്യൂനമര്‍ദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍പോലും അതിന്റെ ആഘാതം ചെന്നൈയ്ക്കുമുകളില്‍ ദുരിതമായെത്തും. കഴിഞ്ഞ മൂന്നാഴ്ച്ചകാലമായി അവിടെ നിന്ന് കേള്‍ക്കുന്ന സുഖകരമല്ലാത്ത വാര്‍ത്തകളിലൂടെ സഞ്ചരിക്കുമ്പോഴാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ വികലമായ വികസനപ്രക്രിയയുടെ ബാക്കിപത്രമായിതിനെ വ്യാഖ്യാനിക്കേണ്ടിവരിക. അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണവും വയല്‍നികത്തലും പുഴയെ ഗതിമാറ്റിയുമൊക്കെ ചെന്നൈ ഉണ്ടാക്കിയെടുത്ത കെട്ടിടസംസ്‌കാരത്തിനേറ്റ കനത്ത പ്രഹരമായിത്തന്നെവേണം ഇതിന്റെ സാമൂഹ്യവും പാരിസ്ഥിതികവുമായ തിരിച്ചടിയെ വിലയിരുത്താന്‍.താഴ്ന്ന പ്രദേശങ്ങളും തണ്ണീര്‍ത്തടങ്ങളുംകൊണ്ട് സമ്പന്നമായ ചെന്നൈ കോണ്‍ഗ്രീറ്റ്‌വതകരണത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിയലഞ്ഞപ്പോഴാണ് പ്രകതിക്ഷോഭത്തിന്റെ പ്രതിരോധമാര്‍ഗങ്ങള്‍ ഇവിടെ അന്യമായത്. 2004 ഡിസംബര്‍ 26നുണ്ടായ സുനാമിയില്‍ ഭീമന്‍ തിരമാലകള്‍ ചെന്നൈ തീരത്ത് ശവങ്ങളടിഞ്ഞത് അത്രപെട്ടെന്നൊന്നും മറക്കുന്നതായിരുന്നില്ല. അതിന് പിന്നാലെയാണിപ്പോള്‍ പ്രളയത്തില്‍ ചെന്നൈ നഗരം മുങ്ങിപ്പോയത്.

ch7
എന്താണ് ചെന്നൈ…
ഭാരതത്തിന്റെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ്‌നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാപ്രദേശുമായി അതിര്‍ത്തി പങ്കിടുന്നു. വിസ്തീര്‍ണ്ണം 174.ച.കി.മീറ്ററാണ ചെന്നെയുടേത്. കൃഷിക്ക് വളക്കൂറുള്ളതും കാര്‍ഷികസംസ്‌കാരത്തിന്റെ ഈറ്റില്ലവുമായിരുന്ന ചെന്നൈ
സ്വാതന്ത്ര്യാനന്തരം മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമാവുകയും പിന്നീട് സംസ്ഥാനത്തെ തമിഴ്‌നാട് എന്ന പുനര്‍നാമകരണം ചെയ്യുകയും ഉണ്ടായി. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേര്‍ന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കല്‍പ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരുംപുതൂര്‍ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്. ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടല്‍ക്കരയായി അറിയപ്പെടുന്നു്. 13 കി.മീ നീളമുള്ള ഈ കടല്‍ക്കരയെ മൂന്നായി വേര്‍തിര്‍ക്കാം. കൂവം നദി കടലില്‍ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു. അഡയാര്‍ നദി കടലില്‍ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസന്റ് നഗര്‍ അല്ലെങ്കില്‍ എലിയറ്റ്‌സ് ബീച്ച് എന്നും അറിയപ്പെടുന്നു. വര്‍ഷം മുഴുവനും ഉയര്‍ന്ന ചൂടും ആര്‍ദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില. തെക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റും, വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റും നഗരത്തിന് മഴ നല്‍കുന്നു. ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ മാസം നീളെയാണു ഏറ്റവുമധികം മഴ ലഭിക്കുന്നത്. ആണ്ടിലെ ശരാശരി വര്‍ഷപാതം 1300 മി.മീ യാണ്.പപുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളില്‍ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്. ഈ വര്‍ഷം സഞ്ചരിക്കേണ്ട ലോകത്തിലെ പ്രമുഖമായ പത്ത് നഗരങ്ങില്‍ ഒന്ന് ചെന്നൈയും. ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ആണ് ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. മാഗസിന്‍ ചെന്നൈയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. കുറേക്കാലം ഈ നഗരം ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കുള്ള ഒരു ചവിട്ടുകല്ലായിരുന്നു. എന്നാല്‍ മെട്രോ റെയിലിന്റെ ആരംഭത്തോടെ തമിഴ്‌നാടിന്റെ തലസ്ഥാനം കൂടിയായ ഈ നഗരം അതിന്റെ ഗ്രാഫ് ഉയര്‍ത്തി. ശില്പങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന ദ്രാവിഡ ക്ഷേത്രങ്ങള്‍, മോഹിപ്പിക്കുന്ന കാഴ്ചബംഗ്ലാവുകള്‍, ബ്രിട്ടിഷ്‌സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായ കെട്ടിടങ്ങളും പള്ളികളും, കിലോമീറ്റുകളോളം പരന്നു കിടക്കുന്ന ബീച്ച്, പിന്നെ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിനിമാവ്യവസായ മേഖലയായ കോളിവുഡും.

ch5

മഴയും വെള്ളപ്പൊക്കവും……..
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ധത്തിന്റെ അനന്തരഫലമായിരുന്നു ആഴ്ച്ചകളായുള്ള ചെന്നൈയിലെ കനത്തമഴ. ദുരിതക്കടലില്‍ മുങ്ങിയിറങ്ങിയ ചെന്നൈ പ്രളയത്തിന്റെ നീരാളിക്കയ്യിലേക്ക് അതിവേഗം അമര്‍ന്നുപോകുന്ന കാഴ്ച്ചയായിരുന്നുണ്ടായത്. നൂറ്റാണ്ടിനിടെയുള്ള ശക്തമായ മഴയെന്ന് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചു. അതൊരു യാഥാര്‍ഥ്യം തന്നെയായിരുന്നു. കനത്തമഴയില്‍ ചെമ്പരംപാക്കം റിസര്‍വോയര്‍ നിറഞ്ഞതോടെ 3000 ക്യൂസെക്‌സ് ജലം അഡയാര്‍ നദിയിലേക്ക് ഒഴുക്കിവിടേണ്ടിവന്നപ്പോഴാണ് ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിയത്. സമ്പന്നമായ അഡയാര്‍ നദിയെ വികസനത്തിന്റെ പേരില്‍ തകര്‍ത്തില്ലാതാക്കിയതിന്റെ ദൂഷ്യഫലമാണ് ഇപ്പോഴനുഭവിക്കേണ്ടിവന്നതെന്ന് ചുരുക്കം. കുത്തിയൊലിച്ചുവരുന്ന ഡാമിലെ വെള്ളത്തിന് പോകാനുള്ള ആഴവും പരപ്പും നഷ്ടമായ അഡയാറിന് എങ്ങനെ ഇത്രത്തോളം ജലത്തെ വഹിക്കാന്‍ കഴിയുമെന്ന ചോദ്യം സ്വാഭാവികം. കൂവം നദിയുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. പൂഴല്‍, പൂണ്ടി റിസര്‍വോയറുകള്‍ നിറഞ്ഞപ്പോള്‍
കൂവവും കരകവിഞ്ഞൊഴുകിയപ്പോള്‍ ആ ജലവും ചെന്നൈ നഗരത്തെ വലയംചെയ്തു. കേരളത്തില്‍ കാലവര്‍ഷത്തിലുണ്ടാകുന്ന നാലിലൊന്ന് പോലും ശക്തമല്ലാത്ത മഴയാണ് ചെന്നൈയില്‍ പെയ്തതെന്ന് കൂടി മനസ്സിലാക്കണം. സമതലപ്രദേശമായതിനാല്‍ ജലം ഒഴുകിപ്പോകാന്‍ ഇടമില്ലാത്തതാണ് വെള്ളപ്പൊക്കത്തിന്റെ മറ്റൊരു കാരണം. സുനാമി മറീന ബീച്ചിനെയും നഗരത്തിന്റെ ഒരു ഭാഗത്തെയും നക്കിത്തുടച്ചപ്പോള്‍ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടാണ് കെട്ടികിടന്ന ജലം ഇവിടെ നിന്ന് പോയത്. ഇപ്പോഴത്തെ മഴയില്‍ വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും അറ്റുപോയി. വെള്ളവും ഭക്ഷണവും കിട്ടാതെ വീടിനകത്ത് ഒറ്റപ്പെട്ട അവസ്ഥ. 350 മരണം(ഇതെഴുതുമ്പോള്‍) എന്നാണ് ഔദ്യഗിക കണക്കെങ്കിലും ഇതില്‍ കൂടുതല്‍ ഉണ്ടാകാനേ തരമുള്ളു. എത്രയോ മൃതദേഹങ്ങള്‍ വെള്ളത്തിലൂടെ ഒഴുകി നദിയിലേക്ക് പോയെന്ന് പ്രദേശവാസികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നഷ്ടങ്ങളുടെ കണക്ക് ഒരിക്കലും തിട്ടപ്പെടുത്താവാത്ത അത്രയ്ക്കുണ്ട്.

chi

മാറ്റങ്ങളുണ്ടാകുമോ നയത്തില്‍? ചെന്നൈ എങ്ങനെ തിരിച്ചുവരും….

നിയമംലംഘിച്ചുകൊണ്ടുള്ള കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് അനുമതികൊടുക്കുന്നതില്‍ മത്സരിക്കുന്നവരാണ് തമിഴകത്ത് ഭരണം കയ്യാളുന്ന എഐഎഡിഎംകെയും ഡിഎംകെയും. എഐഎഡിഎംകെയിലേക്കെത്തുമ്പോള്‍ നിയമലംഘനം കുറച്ചൂടെ കൂടും.സ്റ്റോം വാട്ടര്‍ ഡ്രൈയിനേജ് സംവിധാനം പൂര്‍ണ്ണമായും തകര്‍ത്തുകൊണ്ടാണിവിടെ കെട്ടിടങ്ങളുയരുന്നത്. ഐടി ഹബ്ബുകളും കെമിക്കല്‍ ഹബ്ബുകളും വന്‍കിട ഹോട്ടല്‍ സമുച്ചയുമൊക്കെ നിലനില്‍ക്കുന്നതാവട്ടെ നികത്തിയ വയലിലോ മണ്ണിട്ടുപൊക്കിയ തണ്ണീര്‍ത്തടത്തിലോ ഗതിമാറ്റിയ പുഴയിലോ ആണെന്ന കാര്യത്തില്‍ സംശയമില്ല. നഗരത്തില്‍ ഒരു കുടിവെള്ള പൈപ്പ് പൊട്ടിയാല്‍തന്നെ എത്ര മണിക്കൂര്‍ വെള്ളംകെട്ടികിടക്കുമെന്നത് ചെന്നൈ കണ്ടവര്‍ക്ക് മനസ്സിലാകും. ഇത്രയും വലിയൊരു നഗരത്തിന് സ്റ്റോംവാട്ടര്‍ഡ്രൈയിനേജ് ഇല്ലെന്നത് തന്നെയാണ് ഏറ്റവും വലിയ നിയമലംഘനമായിക്കാണേണ്ടത്. കോണ്‍ഗ്രീറ്റ് വത്കണവും ടാര്‍ചെയ്ത റോഡുകളും മാത്രമുള്ള ചെന്നൈയില്‍ എങ്ങനെ ഒരു തുള്ളിവെള്ളം ഭൂമിയിലേക്കിറങ്ങും. പരിസ്ഥിതി സൗഹൃദമേയല്ലാത്ത ഇന്ത്യയിലെ അപൂര്‍വം നഗരങ്ങളിലൊന്നായ ചെന്നൈയുടെ ഭൂമിശാസ്ത്രപരമായ അവസ്ഥ നോക്കിയെങ്കിലും പ്രതിരോധസംവിധാനങ്ങള്‍ ചെയ്യാതെ ഇനി മുന്നോട്ടുപോകാനാവില്ല. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ കര്‍ശനമായിത്തന്നെ നടപ്പാക്കിയാലെ ഭാവിയിലെങ്കിലും ഇത്തരം കെടുതികളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയു. പട്ടിണിപ്പാവങ്ങള്‍ താമസിക്കുന്ന ചേരികള്‍മുതല്‍ സമ്പന്നതയുടെ മൂടുപടമിഞ്ഞ നഗരഹൃദയത്തെ വരെ പരിസ്ഥിതി സൗഹൃദമാക്കുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാവണം. ഭൂമിശാസ്ത്രപരമായി വലിയ പ്രളയഭീഷണി സാധ്യതയൊന്നുമില്ലാത്ത ബാംഗ്ലൂര്‍ ഒരു മാതൃകയാക്കുകയെങ്കിലും ചെയ്യാം. വികസനത്തിന് വേണ്ടി ദ്രാവിഡപാര്‍ട്ടികള്‍ മത്സരിക്കുന്നതിന് മുമ്പ് ചെയ്യേണ്ടിതാണ്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ചെന്നൈ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരികയെന്നത് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഏകദേശം ഒരുലക്ഷം കോടിയെങ്കിലും നഷ്ടമുണ്ടായതായാണ് അനൗദ്യോഗിക കണക്ക്. ഇതിനായുള്ള വലിയ സാമ്പത്തികസംവിധാനമൊരുക്കുകയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ വെല്ലുവിളി.

© 2024 Live Kerala News. All Rights Reserved.