ഇത് കേരളത്തിന്റെ നന്മ; കെഎസ്ആര്‍ടിസിയുടെ സേവനം; ചെന്നൈ മക്കള്‍ക്കായി സൗജന്യസര്‍വീസുമായി ആനവണ്ടി; യാത്രക്കാര്‍ക്ക് ശുദ്ധജലവും പഴവും ബിസ്‌ക്കറ്റും

ചെന്നൈ: പ്രളയത്തില്‍ അകപ്പെട്ടവരെ തുമ്പിക്കൈയ്യില്‍ കോരിയെടുത്ത് കേരളത്തിന്റെ ആനവണ്ടി പായുന്നു. തമിഴനെന്നോ മലയാളിയെന്നോ തെലുങ്കനെന്നോ വിദേശിയെന്നോ ഭേദമില്ലാതെ ചെന്നൈയില്‍ നിന്ന് വരുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ എവിടെയിറങ്ങിയാലും ടിക്കറ്റ് എടുക്കേണ്ട. ചെന്നൈ പ്രളയം മുതലെടുത്ത് കര്‍ണാടക ട്രാന്‍സ് പോര്‍ട്ടും സ്വകാര്യ സര്‍വീസുകളുമെല്ലാം പകല്‍കൊള്ള നടത്തുമ്പോഴാണ് നഷ്ടം മാത്രം മൂലധനമാക്കിയ ആനവണ്ടി ചെന്നൈയിലെ വെള്ളക്കെട്ടുകളിലൂടെ യാത്രക്കാരെയുകൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് ചീറിപ്പായുന്നത്. ചെന്നൈയില്‍നിന്നു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു സൗജന്യ യാത്രയ്ക്കു പുറമേ ശുദ്ധജലവും ബിസ്‌കറ്റും പഴവുമുള്‍പ്പെടെ ഭക്ഷണ സാധനങ്ങളും ലഭ്യമാക്കി. 1600ല്‍ അധികംപേര്‍ ഈ ബസുകളില്‍ നാട്ടിലേക്കു മടങ്ങിയതായാണു കണക്ക്.

ksrtc.jpg.image.784.410

മാനുഷിക മൂല്യങ്ങള്‍ക്കു പരിഗണന നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്ന അഭിപ്രായം ശക്തമായി. കേരളത്തില്‍നിന്നു ചെന്നൈയിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്തതിനാല്‍ ആദ്യമായാണ് ഈ ബസുകള്‍ ചെന്നൈയിലെത്തിയത്. അതുകൊണ്ടുതന്നെ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബസുകള്‍ നഗരത്തിന് പുതുമയുള്ള കാഴ്ചയുമായി. കോയമ്പേട് ബസ് ടെര്‍മിനലില്‍ ബസ് ബേ നാലില്‍നിന്നാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍. സൗജന്യ സര്‍വീസായതിനാല്‍ ഡീസലടിക്കാന്‍ 6000 രൂപ വീതം നല്‍കിയാണ് ഒരോ ബസും ട്രിപ്പിന് അയയ്ക്കുന്നത്. ഓരോ ബസിലും രണ്ടു വീതം ഡ്രൈവര്‍മാരുണ്ട്. യാത്രക്കാരെ സഹായിക്കാനായി കോയമ്പേട് ബസ് ടെര്‍മിനലില്‍ നോര്‍ക്ക കൗണ്ടറും തുറന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഉറങ്ങാന്‍പോലും സമയമില്ലാതെയാണ് യാത്രക്കാരെയുംകൊണ്ട് കെഎസ്ആര്‍ടിസിയിലെ തല്‍സ്ഥാനത്തേക്ക് കുതിക്കുന്നത്. ചെന്നൈയിലെ തമിഴ് മക്കള്‍ക്കും ഇപ്പോള്‍ കേരളത്തിലെ ആനവണ്ടിയെക്കുറിച്ച് നല്ലതേ പറയാനുള്ളു. കെഎസ്ആര്‍ടിസി ഇന്നലെവരെ 32 സര്‍വീസാണ് കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്നു ചെന്നൈയിലേക്കു നടത്തിയത്. ദിനമലര്‍ ഉള്‍പ്പെടെയുള്ള തമിഴ് മാധ്യമങ്ങളിലും ഇത് വലിയ ഇടമുള്ള വാര്‍ത്തയാണ്. സോഷ്യല്‍ മീഡിയയിലും കെഎസ്ആര്‍ടിസിയുടെ സേവനത്തിന് കിട്ടുന്ന കയ്യടിയും പിന്തുണയും കുറവല്ല.

© 2024 Live Kerala News. All Rights Reserved.