ഒരു കുപ്പിവെള്ളത്തിന് 150 രൂപ ! പാലിന് ലിറ്ററിന് 100 രൂപ ! മഴ കുറഞ്ഞു; ചെന്നൈ സാധാരണനിലയിലേക്ക് മടങ്ങുന്നു; ട്രയിന്‍-ബസ് സര്‍വീസ് ആരംഭിച്ചു

സ്വന്തംലേഖകന്‍

ചെന്നൈ: ദിവസങ്ങളോളം ചെന്നൈ പ്രളയത്തിലാണ്ടെങ്കിലും മഴ കുറഞ്ഞതോടെ നഗരം സാധാരണ നിലയിലേക്ക്. വെള്ളിയാഴ്ച രാത്രി ചെന്നൈയില്‍ ഒറ്റപ്പെട്ട മഴപെയ്തതൊഴിച്ചാല്‍ ശക്തിയായ മഴയുണ്ടായില്ല. ഇന്ന് രാവിലെയും നല്ല കാലാവസ്ഥയാണ്. 11 ലക്ഷം പേരെ ഇതുവരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം ഭൂരിഭാഗം പ്രദേശങ്ങളിലും പുന:സ്ഥാപിച്ചു. 65 ശതമാനം ബസ്സുകളും സര്‍വീസ് പുനരാരംഭിച്ചു. ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യമാണ് ഏറ്റവും വലിയ പ്രതിസന്ധിയായി തുടരുന്നത്. പാല്‍, പച്ചക്കറി, ഭക്ഷണസാധനങ്ങള്‍ ഇവയുടെ വില റോക്കറ്റുപോലെയാണ് കുതിച്ചത്. പാല്‍ ലിറ്ററിന് 100 രൂപയ്ക്കാണ് പലയിടങ്ങളിലും വില്‍ക്കുന്നത്. 20 രൂപയുടെ കുപ്പിവെള്ളം 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. തക്കാളി കിലോ 90 രൂപയായി. മഴയ്ക്ക് ശമനം വന്നതോടെ രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും ഊര്‍ജിതമായി നടക്കുന്നു.

chennai-rain-759

 

ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനുകള്‍ ഓടിത്തുടങ്ങി. തിങ്കളാഴ്ച അടച്ച ചെന്നൈ വിമാനത്താവളം ഇന്ന് ഭാഗികമായി തുറന്നു. ടെക്കിനിക്കല്‍ ഫ്‌ളൈറ്റുകള്‍ മാത്രമേ ഇന്ന് ഇവിടെ നിന്ന് പറക്കൂ. കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ നാളെ മുതല്‍ മാത്രമേ ഇവിടെ നിന്ന് സര്‍വീസ് തുടങ്ങൂ. റണ്‍വേയിലെ ചെളിയും വെള്ളവും നീക്കം ചെയ്തുകഴിഞ്ഞു. ഇവിടെ കുടുങ്ങിപ്പോയ വിമാനങ്ങള്‍ സാങ്കേതിക പരിശോധനയക്കായി മറ്റ് വിമാനത്താവളത്തിലേക്ക് മാറ്റും. ആറക്കോണത്തെ രാജലി നാവിക താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യും സ്വകാര്യ വിമാനക്കമ്പനികളും സര്‍വീസുകള്‍ നടത്തി.

chennai-station1_0

എ.ടി.എമ്മുകള്‍ നിശ്ചലമായ സാഹചര്യത്തില്‍ ഞായറാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കും. പ്രവര്‍ത്തനക്ഷമമായ എ.ടി.എമ്മുകള്‍ക്കും പെട്രോള്‍ പമ്പുകളിലും നീണ്ട ക്യൂവാണ്. ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ചെന്നൈ നഗരത്തില്‍ ബസ് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. സൈന്യവും സാമൂഹിക പ്രവര്‍ത്തകരും ഭക്ഷണം, വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്. ജലസംഭരണികളിലേയും നദികളിലേയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. ചെന്നൈ, കൂടല്ലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവടങ്ങളിലാണ് ദുരിതം ഏറെ നാശംവിതച്ചത്. മൂന്നു ജില്ലകളാണ് പ്രളയക്കെടുതി നേരിടുന്നത്. പവര്‍കട്ടും, ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ഇതുവരെ 325 പേര്‍ പ്രളയക്കെടുതിയില്‍ മരണമടഞ്ഞു. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും ചേര്‍ന്ന് 10,000 പേരെ ഒഴിപ്പിച്ചു. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്.

chennai-rains-twitter_650x400_51448967896

പരീക്ഷകളെല്ലാം മാറ്റിവെച്ചു. കേരളത്തിലേക്ക് ഇന്ന് ആറക്കോണത്ത് നിന്ന് രണ്ട് സ്‌പെഷല്‍ ട്രെയിനുള്‍ പുറപ്പെടും. രാവിലെ 10:30ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും ഉച്ചയ്ക്ക് 12 മണിക്ക് ഷൊര്‍ണൂര്‍ വഴി മംഗലാപുരത്തേക്കുമാണ് രണ്ട് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി രാവിലെ മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലേക്ക് കോയമ്പേട് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. കോയമ്പേട് സ്റ്റാന്‍ഡിലെ 4,5 ബസ് ബേകളില്‍ നിന്നാണ് ബസ്സുകള്‍ പുറപ്പെടുക. ഇതിനായി ഇന്നലെ തന്നെ 12 ബസ്സുകള്‍ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ചെന്നൈയെ സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങലാണ് ഊര്‍ജ്ജിതമായി നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.