സിറിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ച് വ്യോമാക്രമണം

പാരിസ്∙ ഫ്രാൻസിലെ ഭീകരാക്രമണത്തിനു പ്രതികാരമായി ഫ്രഞ്ച് യുദ്ധവിമാനങ്ങൾ സിറിയയിലെ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആക്രമണം ശക്തമായി തുടരാനാണ് ഫ്രാൻസിന്റെ തീരുമാനം. ഐഎസിന്റെ തലസ്ഥാനമെന്നു പ്രഖ്യാപിച്ചിരിക്കുന്ന റാഖ്ഖ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം പാരിസിൽ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്താൻ പ്രേരിപ്പിക്കുക മാത്രമല്ല, ആക്രമണം ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ഐഎസ് ചെയ്തുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനകൾ. എൻക്രിപ്ഷൻ ടെക്നോളജി (മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് അക്രമികൾ പരസ്പരവും ഐഎസ് സംഘവുമായി ആശയവിനിമയം നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എൻക്രിപ്ഷൻ ടെക്നോളജി ഉപയോഗിക്കുന്ന വാട്ട്സ്‌ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ വഴിയാണോ ആശയവിനിമയമെന്നത് എന്നു വ്യക്തമല്ല

ആക്രമണം നടത്തിയ ഭീകരർ സൈനിക പരിശീലനം ലഭിച്ചവരെപ്പോലെയാണ് പെരുമാറിയത്. വ്യക്തമായ പദ്ധതിയോടെയാണ് ആക്രമണമെന്നും വ്യക്തമായിട്ടുണ്ട്. സിറിയയിലെ ഐഎസുമായി ഭീകരർ ബന്ധപ്പെട്ടിരുന്നത് അധികൃതർ കണ്ടെത്തി. ഫ്രാൻസ് അതിശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദ് വ്യക്തമാക്കിയിരുന്നു. ഭീകരർ നടത്തുന്ന യുദ്ധത്തിന് ഫ്രാൻസ് നിർദയം മറുപടി നൽകുമെന്നാണ് ഒലോൻദ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഫ്രാൻസിന്റെ തിരിച്ചടി.