ഫ്രാന്‍സില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണം; സ്‌ഫോടനത്തിലും വെടിവെയ്പിലും 150ലേറെ പേര്‍ കൊല്ലപ്പെട്ടു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പാരീസ്; ഫ്രാന്‍സിന്റെ തലസ്ഥാനനഗരമായ പാരീസില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലായി ഭീകരവാദികള്‍ നടത്തിയ സ്‌ഫോടനത്തിലും, വെടിവെയ്പിലും 150ലേറെ പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം സിറിയയിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഫ്രാന്‍സ് നടത്തിയ സൈനിക നടപടികളില്‍ ഉള്ള പ്രതിഷേധമാണ് ആക്രമണത്തിന് പിന്നിലെന്ന് ഭീകരവാദികളില്‍ ഒരാള്‍ സൂചിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ഭീകരവാദികളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും, ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തതായാണ് വിവരങ്ങള്‍

ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളെന്റെ അടിയന്തര യോഗം വിളിക്കുകയും ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിലെ വിവിധ അതിര്‍ത്തികള്‍ അടക്കുകയും പാരീസിലെങ്ങും സൈന്യത്തെ വിന്യസിക്കുകയും, ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയുവാനും മുനിസിപ്പാലിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് കാര്‍ട്ടൂണ്‍ മാസികയായ ചാര്‍ലി ഹെബ്ദോയില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിനുശേഷം ഫ്രാന്‍സിനെ ഞെട്ടിച്ച ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

പാരീസിലെ ബാറ്റാക്ലാന്‍ തിയറ്റേര്‍, പെറ്റീറ്റ് കംബോജെ റസ്‌റ്റോറന്റ്, ഡെ കാറില്ലോണ്‍ റസ്‌റ്റോറന്റ്, ലാ എബല്ലെ എക്യൂപ് കഫെ, സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിനു സമീപം എന്നിങ്ങനെ വിവിധയിടങ്ങളിലായിട്ടാണ് ഫ്രാന്‍സിനെ ഞെട്ടിച്ച ഭീകരാക്രമണങ്ങള്‍ അരങ്ങേറിയത്. ഇതില്‍ ബാറ്റാക്ലാന്‍ തിയറ്റേറില്‍ നടന്ന ഭീകരാക്രമണത്തിലാണ് ഏറെപ്പേര്‍ കൊല്ലപ്പെട്ടത്. ഈ തിയറ്റേറാകട്ടെ മുന്‍പ് ഭീകരവാദി ആക്രമണം നടന്ന ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫിസിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നതും.

തിയറ്റേറിലെത്തിയ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും, നൂറിലേറെപ്പേര്‍ ബന്ദികളാക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ബന്ദികളാക്കപ്പെട്ട നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. ഫ്രഞ്ച് പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരവാദികളായ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തിയറ്റേറിന് പുറത്തായി അഞ്ചു സ്‌ഫോടനങ്ങള്‍ നടന്നതായി റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നുണ്ട്. അതേസമയം രണ്ടിടങ്ങളില്‍ചാവേര്‍ ആക്രമണവും, ഒരു സ്‌ഫോടനവുമാണ് നടന്നതെന്നും ഫ്രഞ്ച് പൊലീസ് പറയുന്നു.

ഫ്രാന്‍സും, ജര്‍മ്മനിയും തമ്മിലുളള സൗഹൃദ ഫുട്‌ബോള്‍ മത്സരം നടന്ന സ്റ്റാന്‍ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിനു സമീപമുളള ബാറിലും, പരിസര പ്രദേശങ്ങളിലുമായി മൂന്നുസ്‌ഫോടനങ്ങള്‍ നടന്നതായും, മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാന്റോയെയും,വിദേശകാര്യ മന്ത്രിയെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളെല്ലാം സുരക്ഷാസൈന്യം വളഞ്ഞിട്ടുണ്ടെന്നും, ശക്തമായ തിരിച്ചടികള്‍ ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.

ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിങ്ങനെ നിരവധിപേര്‍ അപലപിച്ചു. അതേസമയം പാരീസ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരായ ഫ്രാന്‍സിന്റെ പോരാട്ടത്തില്‍ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന്് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും, നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ കൂടിക്കാഴ്ചയില്‍ നിന്നും പ്രസിഡന്റ് ഹൊളാണ്ടേ പിന്മാറിയിട്ടുണ്ട്.

courtesy:southlive.in

© 2024 Live Kerala News. All Rights Reserved.