തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവും വിജ്ഞാപനവും ഒരുമിച്ചുണ്ടായേക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനവും വിജ്ഞാപനവും അടുത്തയാഴ്ച ഒരുമിച്ചു നടത്താൻ ആലോചന. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തിരഞ്ഞെടുപ്പു കമ്മിഷണർ കെ. ശശിധരൻ നായർ നടത്തിയ ചർച്ചയെത്തുടർന്നാണു നീക്കം. നവംബർ പത്തിനോടടുപ്പിച്ചു വോട്ടെടുപ്പു നടത്താനാകുമെന്നാണു കമ്മിഷൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ ആദ്യം തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കു ശേഷം വിജ്ഞാപനം ഇറക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ, ജില്ലാ പഞ്ചായത്ത് പുനർവിഭജന നടപടി നീണ്ടതോടെ തീയതി പ്രഖ്യാപനം നീട്ടേണ്ട സ്ഥിതിയായി. പ്രഖ്യാപനവും വിജ്ഞാപനവും ഒരുമിച്ചു നടത്താനാകുമോ എന്നു സർക്കാർ കമ്മിഷനോട് ആരാഞ്ഞു. വോട്ടെടുപ്പിനു 30 ദിവസം മുൻപ് തിരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കണമെന്നാണു ചട്ടം. നാളെ വൈകിട്ടു കമ്മിഷനുമായി സർക്കാർ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. നഗരസഭകളിലെയും കോർപറേഷനുകളിലെയും സംവരണ വാർഡ് നറുക്കെടുപ്പ് ഇന്നു പൂർത്തിയാകും.

പുനർവിഭജനം പൂർത്തിയായ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഒന്നിനു നടക്കും. കലക്ടർമാർക്കാണു നറുക്കെടുപ്പു ചുമതല. ജില്ലാ പഞ്ചായത്ത് പുനർവിഭജനവുമായി ബന്ധപ്പെട്ട പരാതികളിലെ ഹിയറിങ് നാളെ നടക്കും. അന്തിമ വിജ്ഞാപനം വന്നശേഷമാകും സംവരണ വാർഡുകളിലെ നറുക്കെടുപ്പ്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി. വനിത, എസ്‍സി, എസ്ടി വിഭാഗങ്ങളിലായി ഏകദേശം 63% സീറ്റുകൾ സംവരണം ചെയ്തതായാണു കമ്മിഷന്റെ കണക്ക്.

471 പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. പുതുതായി രൂപീകരിച്ച 28 നഗരസഭകളിലും കണ്ണൂർ കോർപറേഷനിലും പുനഃസംഘടിപ്പിക്കപ്പെട്ട കൊല്ലം കോർപറേഷൻ, തളിപ്പറമ്പ്, നീലേശ്വരം മുനിസിപ്പാലിറ്റികൾ, കാർത്തികപ്പള്ളി, പള്ളിപ്പാട്, ചിങ്ങോലി (ആലപ്പുഴ), തൃക്കടീരി, തെങ്കര(പാലക്കാട്), പടന്ന (കാസർകോട്) ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലും പുതിയ വാർഡ് വിഭജനം അനുസരിച്ച് അന്തിമ വോട്ടർ പട്ടിക പുനഃക്രമീകരിക്കാൻ കമ്മിഷൻ തീരുമാനിച്ചു. ഇവിടെ ഒക്‌ടോബർ ഒന്നു മുതൽ അഞ്ചുവരെ വോട്ടർമാരെ ചേർക്കാനും നീക്കം ചെയ്യാനുമായി ഓൺലൈൻ സൗകര്യം വീണ്ടും ഏർപ്പെടുത്തും.

© 2024 Live Kerala News. All Rights Reserved.