തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെടും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണം തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കും. ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

സാധാരണ നവംബർ ഒന്നിനാണ് തദ്ദേശ ഭരണസമിതികൾ നിലവിൽ വരുന്നത്. ഇത് ഡിസംബർ ഒന്നിലേക്ക് നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെ‌ഞ്ച് സെപ്തംബർ മൂന്നിന് വിധി പറയാനിരിക്കെയാണ് സർക്കാർ പുതിയ ആവശ്യവുമായി രംഗത്ത് വന്നത്.  തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിമർശനങ്ങൾക്കും സർക്കാർ കോടതിയിൽ മറുപടി സമർപ്പിക്കും.

മന്ത്രിസഭാ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ലീഗ് മന്ത്രിമാരായിരുന്നു കൂടുതൽ വിമർശനം നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകൾ സംശയങ്ങൾ ഉണർത്തുന്നതാണെന്നും ഇക്കാര്യത്തിൽ കമ്മിഷൻ അനാവശ്യ പിടിവാശി കാണിക്കുകയാണെന്നും മന്ത്രിമാർ വിമർശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും  ധാരണയായിരുന്നില്ല.  സെപ്തംബർ മൂന്നിന് ഹൈക്കോടതിയിൽ ഉണ്ടാകട്ടെ എന്ന സർക്കാർ നിലപാട് കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും കോടതി അംഗീകരിച്ചതിനാൽ അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇന്നലെയും സർക്കാർ വാദിച്ചത്. എന്നാൽ അത് പ്രായോഗികമല്ലെന്ന നിലപാടിൽ കമ്മിഷൻ ഉറച്ചുനിൽക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.